കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയി പെൺവാണിഭം നടത്തുന്ന സംഘത്തെക്കുറിച്ച് വിവരങ്ങൾ പുറത്ത്. കഴിഞ്ഞദിവസം അറസ്റ്റിലായ ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിനി സ്റ്റോയ്‌സി എന്ന സിന്ധു(56)വാണ് സെക്‌സ് റാക്കറ്റിന്റെ പ്രധാന നടത്തിപ്പുകാരിയെന്നാണ് വിവരം. സിന്ധുവിനെ കൂടാതെ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിനിയും മരടിലെ ഫ്‌ളാറ്റിൽ താമസക്കാരിയുമായ അലീന എബ്രഹാം(27), പൊന്നാനി സ്വദേശിനി മഞ്ജിമ(25) എന്നിവർ രാജ്യാന്തരബന്ധമുള്ള സെക്‌സ് റാക്കറ്റിന്റെ പ്രധാന ഏജന്റുമാരാണെന്നും പോലീസ് പറയുന്നു. മോഡലിങ് അവസരങ്ങളും ബ്യൂട്ടിപാർലറിൽ ജോലി വാഗ്ദാനംചെയ്തുമെല്ലാമാണ് സംഘം യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നത്.
രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് യുവതികളെ ദുബായിലെത്തിച്ചിരുന്നത്. തുടർന്ന് ലൈംഗികചൂഷണത്തിനിരയാക്കിയ ശേഷം 57 ദിവസം കഴിഞ്ഞാൽ ഇവരെ തിരികെ നാട്ടിലേക്ക് കയറ്റിവിടും. ഇക്കാലയളവിൽ യുവതികളുടെ മൊബൈൽഫോണും പാസ്‌പോർട്ടുമെല്ലാം സംഘം പിടിച്ചുവെയ്ക്കുകയാണ് രീതിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുവതികളെ വിദേശത്ത് എത്തിച്ചാൽ ഇവരെ മയക്കുമരുന്ന് നൽകി നഗ്നദൃശ്യങ്ങൾ പകർത്തും. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം യുവതികളെ പിന്നീട് ലൈംഗികവൃത്തിക്ക് നിർബന്ധിച്ചിരുന്നത്.
യുവതികളെ ദുബായിൽ എത്തിച്ചാലുടൻ ഇവരുടെ ഫോട്ടോകൾ വാട്‌സാപ്പ് വഴി കൈമാറിയാണ് സംഘം ‘ഡീൽ’ ഉറപ്പിക്കുന്നത്. യുവതികളെ ലൈംഗികചൂഷണത്തിനിരയാക്കുമ്പോൾ ഒളിക്യാമറ സ്ഥാപിച്ച് ഈ ദൃശ്യങ്ങളും പകർത്തിയിരുന്നു. ഒരു ഇടപാടിലൂടെ മാത്രം ഏകദേശം 25,000 രൂപയാണ് സമ്പാദിച്ചിരുന്നത്. ഇത്തരത്തിൽ ഒരുദിവസം മാത്രം ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നിരുന്നതായും വിവരങ്ങളുണ്ട്.
















































