വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ, ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. സമാധാന കരാറിലേക്ക് ഇറാൻ ഉടൻ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരിച്ചത്. നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച നിരവധി യുദ്ധദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ചിത്രങ്ങളിൽ ഇറാന്റെ ഭൂപടത്തിനുമുകളിൽ അമേരിക്കൻ പതാകയും സൈനിക ലക്ഷ്യസൂചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. “ഇറാനെ അനുവദിച്ചിരിക്കുന്ന സമയം വേഗത്തിൽ അവസാനിക്കുകയാണ്” എന്ന സന്ദേശവും ട്രംപ് പങ്കുവെച്ചു.
ഇതിനുപുറമെ, ഇറാന്റെ അതിവേഗ ബോട്ടുകൾക്ക് നേരെയുണ്ടാകുന്ന യുഎസ് ഡ്രോൺ ആക്രമണ ദൃശ്യങ്ങളോട് “ബൈ, ബൈ ഫാസ്റ്റ് ബോട്ട്സ്” എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. ബഹിരാകാശത്തു നിന്ന് മിസൈൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന രീതിയിലുള്ള എഐ ദൃശ്യങ്ങളും ട്രംപ് പോസ്റ്റ് ചെയ്തു. ഒരു കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നതായി കാണിച്ചുകൊണ്ട് “ബ… ബ… ഫയർ, ബൂം” എന്ന് പറയുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, പശ്ചിമേഷ്യയിലും ഹൊർമുസ് മേഖലയിലും സംഘർഷം ശക്തമായി തുടരുന്നതിനാൽ അനിശ്ചിതത്വം വർധിക്കുകയാണ്. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്നേറ്റ പാക്കിസ്ഥാൻ ഇതുവരെ നിർണായക നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.ലെബനനിൽ യുഎസ് വെടിനിർത്തൽ നടപ്പാക്കാതെ ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് ഇറാൻ.

















































