തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റി നേതൃത്വത്തിനെതിരെയും എൻഎസ്എസിനുള്ളിലെ ഏകാധിപത്യ പ്രവണതകൾക്കെതിരെയും രൂക്ഷ വിമർശനങ്ങളുമായി മുൻ മന്ത്രി കെബി ഗണേഷ് കുമാർ. എൻഎസ്എസിൽ ഏകാധിപത്യ പ്രവണത പാടില്ലെന്നും എവിടെയായാലും ഏകാധിപതികൾ തകരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൻഎസ്എസ് നേതൃത്വത്തിൽ ഉടച്ചുവാർക്കൽ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരും, ഏകാധിപത്യം തകരുമെന്നുമായിരുന്നു ഗണേഷിന്റെ മറുപടി. “സോഡാ കുപ്പിയിൽ ഗോലി ഇട്ടാൽ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ പറ്റൂ എന്ന് പണ്ട് പറയും” എന്ന് അദ്ദേഹം ഈ വിഷയത്തെ ഉപമിക്കുകയും ചെയ്തു. അതുപോലെ എൻഎസ്എസ് ഭരണഘടന താൻ അന്വേഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ലെന്നും അത് ഒളിച്ചുവെച്ചിരിക്കുകയാണെന്നാണ് പറയുന്നതെന്നും ഗണേഷ് കുമാർ ആരോപിച്ചു.
അതുപോലെ മുഖ്യമന്ത്രി വിഡി സതീശൻ എൻഎസ്എസിനെ ആക്ഷേപിച്ചതായി തനിക്ക് അറിയില്ലെന്നും അദ്ദേഹത്തെ പണ്ട് മുതലേ പരിചയമുള്ളയാളാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ഏതെങ്കിലും ഒരു സമുദായത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചതായി അറിയില്ല. എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയതിൽ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ്. മര്യാദയുള്ളവർ നീതി പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണൽ പറ്റിയവരാണ് തനിക്കെതിരെ ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നതെന്നും ഗണേഷ്കുമാർ പരിഗസിച്ചു. വിരട്ടലൊന്നും വേണ്ടെന്നും കുറച്ചുകൂടി സ്നേഹവും ബഹുമാനവും ആകാമെന്നും അദ്ദേഹം നേതൃത്വത്തെ ഓർമ്മിപ്പിച്ചു. അതുപോലെ മന്നത്ത് ആചാര്യന്റെ സമാധി മന്ദിരം എല്ലാവർക്കുമായി തുറന്നു നൽകണം. എന്നാൽ അത് ക്ഷേത്രമാണെന്നാണ് ജനറൽ സെക്രട്ടറി പറഞ്ഞിട്ടുള്ളത്. ഇത് കലിയുഗമാണെന്നും ഇവിടെ സത്യത്തിന് വിലയില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.


















































