നടി ശ്രീലീലയും ക്രിക്കറ്റ് താരം തിലക് വർമയും പ്രണയത്തിലെന്ന് പ്രചാരണം. അഭ്യൂഹങ്ങൾ ശ്രീലീലയുടെ അമ്മയും അടുത്ത വൃത്തങ്ങളും നിഷേധിച്ചു. ധരംശാലയിലെ മത്സരം കാണാൻ ശ്രീലീലയുടെ അമ്മ സ്വർണ്ണലത എത്തിയിരുന്നു. പിന്നാലെ, നടിയും മത്സരം കാണാനെത്തിയിട്ടുണ്ടെന്നും തിലക് എന്ന് പേരുള്ള ജഴ്‌സി നടി ധരിച്ചതായി കണ്ടുവെന്നും സാമൂഹികമാധ്യമങ്ങളിൽ പലരും അവകാശപ്പെടാൻ തുടങ്ങി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമാണ് തിലക് വർമ. ടീം താമസിച്ചിരുന്ന ഹോട്ടലിലൂടെ ഹെഡ് ഫോൺ ധരിച്ച് നടക്കുന്ന തിലക് വർമയെ ചൂണ്ടി, ‘അവൻ പ്രണയത്തിലാണ്’ എന്ന് സൂര്യകുമാർ യാദവ് തമാശരൂപേണ പറഞ്ഞതും അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു.
പിന്നാലെ, പ്രണയം പുറത്തായ ശേഷം ഇരുവരും പരസ്പരം സാമൂഹികമാധ്യമങ്ങളിൽ അൺഫോളോ ചെയ്‌തെന്നുവരെ പ്രചാരണമുണ്ടായി. നേരത്തെ ഇരുവരും വൈകുണ്ഠ ഏകാദശി ദിവസം ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രം സന്ദർശിച്ചതും ആളുകൾ ചൂണ്ടിക്കാട്ടി. എന്നാൽ, സാമൂഹികമാധ്യമങ്ങളിലെ വാദങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലീലയുടെ അമ്മ. അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡോ. സ്വർണ്ണലത പ്രതികരിച്ചു. ആളുകൾ ചൂണ്ടിക്കാട്ടിയ സംഭവങ്ങൾ തികച്ചും യാദൃച്ഛികമായി സംഭവിച്ചവയാണ്.
അഭിനയവും മെഡിക്കൽ പഠനവും ഒന്നിച്ചുകൊണ്ടുപോവുന്നതിലാണ് ഇപ്പോൾ ശ്രീലീലയുടെ ശ്രദ്ധ. ഷൂട്ടിങ് ഇടവേളകളിൽ, ജൂണിൽ നടക്കാനിരിക്കുന്ന നീറ്റ്- പിജി പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണ്. വിവാഹവും പ്രണയവും ഇപ്പോൾ ശ്രീലീലയുടെ പരിഗണനയിലില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ മുന്നിൽ അഞ്ചാറുവർഷമുണ്ടെന്നും സ്വർണ്ണലതയെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

















































