ഡൽഹി: ഡൽഹി മെട്രോയിലെ ലിഫ്റ്റിൽ രണ്ട് യുവതികളുടെ മുന്നിൽ വെച്ച് വയോധികൻ മൂത്രവിസർജനം നടത്തിയ സംഭവം സോഷ്യൽ മീഡിയയിൽ കടുത്ത അമർഷത്തിന് കാരണമാകുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താവായ ദീപ്ശിഖ മേത്ത പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. പൊതുയിടങ്ങൾ ശൗചാലയങ്ങളല്ലെന്നും കടുത്ത നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നും യുവതി കുറിച്ചു.
സംഭവത്തിന് ശേഷം പ്ലാറ്റ്‌ഫോമിൽ വെച്ച് വയോധികനെ ചോദ്യം ചെയ്തപ്പോൾ “നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തോ” എന്നായിരുന്നു ഇയാളുടെ ആദ്യ പ്രതികരണം. എന്നാൽ തെറ്റ് മനസ്സിലാക്കുന്നുണ്ടോ എന്ന് വീണ്ടും ചോദിച്ചപ്പോൾ “തെറ്റ് പറ്റിപ്പോയി, സോറി” എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. സംഭവം വിവാദമായതോടെ ഡൽഹി പൊലീസും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി.
യാത്രാവേളയിൽ വയോധികന് പെട്ടെന്നുണ്ടായ ആരോഗ്യപരമായ അടിയന്തരാവസ്ഥയാണ് ഇതിലേക്ക് നയിച്ചതെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. ജാമിയ മെട്രോ സ്റ്റേഷനിൽ നിന്നും ഫരീദാബാദിലേക്ക് പോകുന്നതിനിടെ കൽക്കാജി സ്റ്റേഷനിൽ വെച്ച് ഇയാൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
അടുത്തുള്ള ശൗചാലയം കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും, സാഹചര്യം കൈവിട്ടുപോയപ്പോൾ ലിഫ്റ്റിനുള്ളിൽ വെച്ച് കയ്യിലുണ്ടായിരുന്ന കുപ്പിയിലേക്ക് മൂത്രമൊഴിക്കാൻ നിർബന്ധിതനാവുകയായിരുന്നു എന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.
















































