അമരാവതി: ആന്ധ്രാപ്രദേശില്‍ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ നഗ്‌നയാക്കി ആക്രമിച്ചു. സംഭവത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. 10,000 രൂപ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. ഗുണ്ടൂരിലെ നാഗരംപാലെമിലാണ് സംഭവം. മല്ലേല വെങ്കട രമണ മൂര്‍ത്തിയും കുടുംബങ്ങളുമാണ് അറസ്റ്റിലായത്. ഇയാള്‍ നാഗരംപാലെമിലെ വാര്‍ഡ് സെക്രട്ടറിയാണ്. ജൂലൈ 15ന് നാഗേശ്വേര റാവു എന്നയാളില്‍ നിന്ന് മൂര്‍ത്തി കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതോടെ ഇയാൾ റാവുവിന്റെ ഭാര്യയെ ആക്രമിക്കുകയായിരുന്നു. കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമായത്.
റാവുവിന്റെ വീട്ടിലേക്കുള്ള പൈപ്പ് ലൈനില്‍ സ്ഥാപിച്ച വാട്ടര്‍ മോട്ടോര്‍ റോഡിന് തടസമാണെന്നായിരുന്നു മൂര്‍ത്തിയുടെ ആരോപണം. അത് മാറ്റാന്‍ റാവുവില്‍ നിന്ന് ഇയാള്‍ പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മുന്‍സിപ്പല്‍ അധികൃതരുടെ പരിശോധനയില്‍ റോഡിന് തടസമില്ലെന്ന് കണ്ടെത്തിയതോടെ യുവതി മോട്ടോര്‍ മാറ്റാന്‍ വിസമ്മതിച്ചു. ഇതിനുപിന്നാലെ തര്‍ക്കമുണ്ടായെങ്കിലും, മടങ്ങിപ്പോയ പ്രതി രാത്രിയോടെ കുടുംബങ്ങളുമായെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് കുടുംബം പൊലീസില്‍ പരാതിപ്പെട്ടു. കേസില്‍ മൂര്‍ത്തിയുടെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ ബിഎന്‍എസിലെ 331 (6), 74, 79, 115 (2), 118 (1), 3 (5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസെടുക്കാന്‍ വൈകിയതിന് നാഗരംപാലെം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സത്യാനാരായണനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകരുതെന്നും സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചു.


















































