ജോധ്പൂർ: കൂട്ടബലാത്സംഗത്തിനിരയായി നീതി ലഭിക്കാതെ രണ്ട് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വൻ പ്രതിഷേധം. വർഷങ്ങളോളം കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയായതിനെത്തുടർന്ന് മാർച്ചിൽ മൂത്ത സഹോദരി ആത്മഹത്യ ചെയ്തിരുന്നു. അതിന് പിന്നാലെ, നീതി ലഭിക്കാത്തതിനെ തുടർന്ന് ഇളയ സഹോദരിയും ജീവൻ ഒടുക്കുകയായിരുന്നു.
ഗ്രാമപ്രദേശമായ ജോധ്പൂരിൽ നടന്ന ഈ ഇരട്ട ആത്മഹത്യ കേസിൽ പോലീസിന്റെ അനാസ്ഥക്കെതിരെയും പ്രതികൾക്കെതിരെ നടപടി എടുക്കാത്തതിനെതിരെയും ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. നിരവധി തവണ പോലീസിനെ സമീപിച്ചിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
മൂത്ത സഹോദരിയെ മഹിപാൽ എന്ന ഇ- മിത്ര സെന്റർ നടത്തിപ്പുകാരൻ പകർത്തിയ അശ്ലീല ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യപ്പെട്ടതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു. ശിവരാജ്, ഗോപാൽ, വിജയറാം, ദിനേഷ്, മനോജ്, പൂഖ്‌രാജ് എന്നിവരുൾപ്പെടെ എട്ട് പേർ ചേർന്ന് നാല് വർഷത്തോളം കൂട്ടബലാത്സംഗത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കിയതായി സഹോദരി ആരോപിച്ചു. മാനസിക പീഡനം സഹിക്കാനാവാതെ മാർച്ച് 20-ന് അവൾ ആത്മഹത്യ ചെയ്തു.
ഈ സംഭവത്തിന് പിന്നാലെ ഇളയ സഹോദരിയും സമാന രീതിയിൽ ഭീഷണികൾ നേരിട്ടതായി പരാതിപ്പെട്ടിരുന്നു. സഹോദരിയുടെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ തനിക്കുനേരെയും ലൈംഗിക അതിക്രമം നടത്തിയതായും ഇളയ പെൺകുട്ടി ആരോപിച്ചിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും ഒരു മാസത്തോളം കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.
നീതി ആവശ്യപ്പെട്ട് വെള്ള ടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ച ഇളയ സഹോദരി പിന്നീട് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം രാജ്പുത് സമൂഹത്തിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. എംഡിഎം ആശുപത്രിക്ക് മുന്നിൽ വലിയ ജനക്കൂട്ടം കൂടി. കുടുംബാംഗങ്ങൾ ആദ്യം പ്രതിഷേധം തുടരുകയായിരുന്നുവെങ്കിലും പിന്നീട് പോസ്റ്റ്മോർട്ടത്തിന് സമ്മതിച്ചു.
അതേസമയം മർവാർ രാജ്പുത് സമൂഹ അധ്യക്ഷൻ ഹനുമാൻ സിംഗ് ഖാങ്ടാ പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. അന്വേഷണം മുഴുവൻ സമയവും പ്രതികളെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിച്ചതെന്നും അവരുടെ അനാസ്ഥയാണ് രണ്ട് പെൺകുട്ടികളുടെ മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുകയും ഉത്തരവാദിത്തമുള്ള പോലീസുകാരെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമൂഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് പോലീസ് ഉറപ്പ് നൽകി.

















































