കൊല്ലം/പത്തനംതിട്ട: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്നു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ കൂട്ട ആവശ്യം. അല്ലാത്തപക്ഷം, ഇരുവരെയും പാർട്ടി ഒഴിവാക്കണം. ഉത്തരവാദിത്തം നിറവേറ്റാത്ത സംസ്ഥാന സെക്രട്ടേറിയറ്റും ഉടൻ പുനഃസംഘടിപ്പിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതു ഭരണവിരുദ്ധ തരംഗമല്ല, പിണറായി– ഗോവിന്ദൻ വിരുദ്ധ തരംഗമാണെന്നും തിരഞ്ഞെടുപ്പ് വിശകലനത്തിനു ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ വിമർശിച്ചു. പേരാവൂരിൽ കെ.കെ.ശൈലജയെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും അവിടെ മത്സരിക്കേണ്ടിയിരുന്നത് ‘ധീരനായ’ പിണറായി വിജയൻ ആയിരുന്നുവെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ പറഞ്ഞു.
കഴിഞ്ഞദിവസം പത്തനംതിട്ട, കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ഉയർന്ന രൂക്ഷവിമർശനത്തിന്റെ ആവർത്തനമാണ് രണ്ടിടത്തെയും ജില്ലാ കമ്മിറ്റി യോഗങ്ങളിലും ഇന്നലെ കണ്ടത്. കൂടുതൽ നിശിതമായ വിമർശനം കൊല്ലത്തായിരുന്നു. 61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കാൻ പോകുമ്പോൾ പ്രതിപക്ഷനേതാവായി 80 കഴിഞ്ഞ പിണറായി വേണ്ട. പിണറായിയെ ജനങ്ങൾക്കു സമീപിക്കാനാവില്ല.
ഫലത്തിൽ പ്രതിപക്ഷനേതാവായി പ്രവർത്തിക്കുക ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡറായിരിക്കുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഏകാധിപതികളുടെ കാലം കഴിഞ്ഞെന്നു മനസ്സിലാക്കണം. പരനാറി, നികൃഷ്ട ജീവി, കടക്കു പുറത്ത്, വീട്ടിൽ പോയി ചോദിക്ക്, ചെറ്റ, ഡാഷ് മോൻ തുടങ്ങി പിണറായിയുടെ ധാർഷ്ട്യം നിറഞ്ഞ പദപ്രയോഗങ്ങളാണു തോൽവിക്കു പ്രധാന കാരണം. 2000 രൂപ പെൻഷൻ നൽകുന്നുവെന്നു പറഞ്ഞ് പിണറായി ചെയ്യുന്നതെല്ലാം ജനങ്ങൾ അംഗീകരിക്കില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
















































