ടെൽ അവീവ്:ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തിൽഹമാസിന്റെ സൈനികവിഭാഗം മേധാവിയായ ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതായി ഐഡിഎഫ് അവകാശപ്പെട്ടു. വെള്ളിയാഴ്ച ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരേ നടന്ന ഹമാസ് ആക്രമണത്തിൽ പങ്കെടുത്ത അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാളായിരുന്നു ഹദ്ദാദ് എന്നും ഐഡിഎഫ് വ്യക്തമാക്കി.
മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസിന്റെ സൈനികവിഭാഗത്തിന്റെ നേതൃത്വത്തിലെത്തിയ ഹദ്ദാദ്, സംഘടനയെ പുനരുജ്ജീവിപ്പിക്കാനും ഇസ്രയേലിനെതിരേ ആക്രമണങ്ങൾ ശക്തിപ്പെടുത്താനും പ്രവർത്തിച്ചിരുന്നുവെന്ന് ഐഡിഎഫ് ആരോപിച്ചു. ഇസ്രയേൽ പൗരന്മാർക്കും സൈനികർക്കുമെതിരായ നിരവധി ആക്രമണങ്ങൾക്ക് ഹദ്ദാദ് നേതൃത്വം നൽകിയതായും പ്രസ്താവനയിൽ പറയുന്നു.
ഇസ്രയേൽ ബന്ദികളെ പാർപ്പിച്ചിരുന്ന കേന്ദ്രങ്ങളുടെ നിയന്ത്രണം ഹദ്ദാദിനുണ്ടായിരുന്നുവെന്നും, ബന്ദികളെ മനുഷ്യകവചമായി ഉപയോഗിച്ചാണ് ഇയാൾ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നതെന്നും ഐഡിഎഫ് ആരോപിച്ചു. ഹദ്ദാദിനൊപ്പം ഹമാസിന്റെ മറ്റ് രണ്ടുനേതാക്കളും വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും ഐഡിഎഫ് അറിയിച്ചു.
1980-കളിൽ ഹമാസിൽ ചേർന്ന ഹദ്ദാദ്, സംഘടനയിലെ ഏറ്റവും പഴക്കമേറിയ കമാൻഡർമാരിൽ ഒരാളായിരുന്നു. ഗാസ സിറ്റി ബ്രിഗേഡിന്റെ കമാൻഡർ ഉൾപ്പെടെ വിവിധ ഉന്നതപദവികൾ വഹിച്ചിരുന്ന അദ്ദേഹം, ഹമാസിന്റെ മിലിട്ടറി കൗൺസിലിലും അംഗമായിരുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരേ നടന്ന ആക്രമണത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായും ഹദ്ദാദിനെ കണക്കാക്കപ്പെടുന്നു.


















































