ഗാന്ധിനഗർ: വാടക നൽകാൻ പണമില്ലാത്തതിനെ തുടർന്ന് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയ്ക്കും അയാളുടെ ബന്ധുവിനും വിട്ടുനൽകിയ ആൾ അറസ്റ്റിൽ. ഗുജറാത്തിലെ മോർബിയിലാണ് സംഭവം.
ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയുടെ അമ്മ സംഭവം അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് 55-കാരനായ വീട്ടുടമയെ അറസ്റ്റ് ചെയ്തു. ഇയാളെ ഒരു ദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വീട്ടുടമയുടെ ബന്ധുവിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ആറുമാസം മുൻപാണ് ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയും കുടുംബവും തൊഴിൽതേടി മോർബിയിൽ എത്തിയത്. രണ്ടായിരം രൂപ പ്രതിമാസവാടകയ്ക്ക് സ്ത്രീയുടെ ഭർത്താവാണ് വീട് വാടകയ്ക്ക് എടുത്തത്. ഇയാളുടെ വ്യാപാരം നഷ്ടത്തിലായതോടെ വാടക കൊടുക്കാൻ മാർഗമില്ലാതായി. തുടർന്ന് ഇയാളുടെ അനുവാദത്തോടെ വീട്ടുടമസ്ഥൻ സ്ത്രീയേയും അവരുടെ 13 വയസ്സുകാരിയായ മകളെയും ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വീട്ടുടമസ്ഥന്റെ ബന്ധുവും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.















































