നടന്‍ സുരേഷ് ഗോപി തൃശ്ശൂരില്‍ വിജയിച്ചതിന് പിന്നില്‍ ബിജെപിയുടെ മിടുക്കല്ലെന്ന് വിഡി സതീശന്‍. സുരേഷ് ഗോപി തന്റെ അടുത്ത സുഹൃത്താണെന്നും വിഡി സതീശന്‍. തെരഞ്ഞെടുപ്പിന് മുമ്പായി രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് വിഡി സതീശന്‍ സുരേഷ് ഗോപിയെക്കുറിച്ച് സംസാരിച്ചത്. വിഡി സതീശനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പഴയ വിഡിയോ വീണ്ടും ചര്‍ച്ചയാവുകയാണ്. ”സുരേഷ് ഗോപി എന്റെ വളരെ അടുത്ത സുഹൃത്താണ്. രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം വളരെ വ്യത്യസ്തനാണ്. പക്ഷെ അദ്ദേഹം ജയിച്ചത് ബിജെപിയുടെ മിടുക്കു കൊണ്ടല്ല.
അദ്ദേഹത്തിനോട് ആളുകള്‍ക്ക് ഇഷ്ടമുള്ളതിനാലാണ്. അദ്ദേഹം ഒരു സ്റ്റാര്‍ ആയതിനാലുമാണ്. അദ്ദേഹത്തിന് വ്യക്തിത്വമുണ്ട്. കുറേ ഐഡിയകളുണ്ട്. വളരെ അടുത്ത സ്‌നേഹിതനാണ്.” വിഡി സതീശന്‍ പറയുന്നു. പിണറായി വിജയനെക്കുറിച്ചും വിഡി സതീശന്‍ സംസാരിക്കുന്നുണ്ട്. അദ്ദേഹം വളരെ മുതിര്‍ന്ന, പരിണിതപ്രജ്ഞനായിട്ടുള്ള രാഷ്ട്രീയക്കാരനാണ്. പക്ഷെ അദ്ദേഹം ഒരു ഏകാധിപതിയാണെന്നാണ് വിഡി സതീശന്‍ പറയുന്നത്.
രാജീവ് ചന്ദ്രശേഖരന്‍ ബിസിനസുകാരനാണ്. അദ്ദേഹത്തെ ഗൗരവ്വമുള്ളൊരു രാഷ്ട്രീയക്കാരനായി കാണുന്നില്ലെന്നും വിഡി സതീശന്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി ഫൈറ്ററാണ്. ഫാസിസത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ ശക്തമായി പൊരുതുന്നയാളാണ്. ധീരനായ വ്യക്തിയാണെന്നും സതീശന്‍ പറയുന്നു. സോണിയ ഗാന്ധിയോട് സംസാരിച്ച് തിരികെ വരുന്നത് ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ച് തിരികെ വരുന്നത് പോലെയാണ്.
ഒന്നും തരണ്ട. ചേര്‍ത്തു പിടിച്ച്, മകനെപ്പോലെ തരുന്ന വാത്സല്യവും സ്‌നേഹവും. മറ്റൊരു നേതാവില്‍ നിന്നും അത് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. രമേശ് ചെന്നിത്തല വളരെ ഡൈനാമിക് ആളാണ്. വിശ്രമമില്ലാതെ ജോലി ചെയ്യുന്നയാളാണ്. എന്റെ നേതാവാണ്. വളരെ അടുത്ത ബന്ധമാണ് അദ്ദേഹവുമായുള്ളതെന്നും വിഡി സതീശന്‍ പറയുന്നു.
















































