തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്താൻ സാധ്യത ശക്തമായി. തുടർച്ചയായ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെ ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസ് നേതൃത്വം അന്തിമ ധാരണയിലേക്കെത്തുന്നതായാണ് സൂചന. എന്നാൽ അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പ് സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല.
മുഖ്യമന്ത്രി നിയുക്തനായ വി.ഡി. സതീശൻ നേരിട്ട് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതും രാഷ്ട്രീയമായി ശ്രദ്ധേയമായി. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ “ചെന്നിത്തല എന്റെ നേതാവാണ്” എന്നാണ് സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകളാണ് ഇരുവരും നടത്തിയതെന്നാണ് വിവരം.
അതേസമയം, മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് യാതൊരു ഉപാധിയും മുന്നോട്ടുവെച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. “മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. ഞാൻ ഒരു നിബന്ധനയും വെച്ചിട്ടില്ല അദ്ദേഹം വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മന്ത്രിസഭയിലേക്ക് ചേരാൻ വി.ഡി. സതീശൻ നേരിട്ട് ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട അഭിപ്രായഭിന്നതകൾ പരിഹരിക്കാനും വിവിധ ഗ്രൂപ്പുകളെ ഒരുമിപ്പിക്കാനും നേതൃത്വം നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ചെന്നിത്തലയെ മന്ത്രിസഭയിലെത്തിക്കാനുള്ള ശ്രമമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
സീനിയർ നേതാക്കളെയും പുതു മുഖങ്ങളെയും ഉൾപ്പെടുത്തി സമതുലിത മന്ത്രിസഭ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനിടെ ചെന്നിത്തലയ്ക്ക് ആഭ്യന്തരമുൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ പരിഗണിക്കപ്പെടുന്നുവെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. എന്നാൽ അത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെയുണ്ടായിട്ടില്ല.

















































