തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ തനിക്കു സന്തോഷമുണ്ടെന്നും ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മുതിർന്ന കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ രമേശ് ചെന്നിത്തല. വി.ഡി. സതീശൻ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
അതേസമയം പിണറായി വിജയനെ കണ്ടതിന് ശേഷം ചെന്നിത്തലയെ കാണാനായി വി.ഡി സതീശൻ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. ‘വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ ഞാൻ സന്തോഷിക്കുന്നു. ഹൈക്കമാൻഡിന്റെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ന് ഗുരുവായൂരിൽ തൊഴുതതിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും ഞാൻ അത് പറഞ്ഞതാണ്. വളരെയേറെ വ്യക്തിപരമായ ബന്ധങ്ങളുള്ളവരാണ് ഞങ്ങളെല്ലാവരും. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിട്ടുള്ളത്. അത് ഞങ്ങളെല്ലാവരും കൂടി നിറവേറ്റും.’ – ചെന്നിത്തല പറഞ്ഞു.
ഇതിനിടെ മന്ത്രിസഭയിൽ അംഗമാകുന്നതിനു ഉപാധികളുണ്ടോയെന്ന ചോദ്യത്തിന് ‘ഒരു ഉപാധിയുമില്ല. ഞങ്ങൾ തമ്മിൽ എന്ത് ഉപാധി’ – എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണെന്നായിരുന്നു സതീശന്റെ മറുപടി. ചെന്നിത്തലയുമായി കൂടിയാലോചിച്ച് അതിൽ തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു.
സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ- ‘ഞാൻ എപ്പോഴും വരുന്ന വീടല്ലേ ഇത്. ചെറുപ്പം മുതൽ എന്റെ ലീഡറാണ് ഇദ്ദേഹം. എല്ലാകാലത്തും. കഴിഞ്ഞ തവണ ഞാൻ പ്രതിപക്ഷ നേതാവായപ്പോൾ ഇവിടെ വന്ന് ഞങ്ങൾ ഒരുവാഹനത്തിലാണ് ആദ്യനിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത്. എത്രയോ വർഷമായിട്ട് ഈ വീട്ടിൽ വരുന്ന ആളാണ് ഞാൻ. ഞാൻ അദ്ദേഹത്തെ കാണണ്ടേ. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു കാര്യങ്ങളുമില്ല. അദ്ദേഹം ജേഷ്ഠ സഹോദരന് തുല്യമായ ആളാണ്. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ എനിക്കുണ്ടാകുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്. അത് എനിക്ക് തന്നിട്ടുമുണ്ട്.’ – സതീശൻ പറഞ്ഞു.


















































