കാസർകോട്: കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര വൈകുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. ബസിൽ കയറി ഇരുന്നാണ് വനിതാ പ്രവർത്തകർ പ്രതിഷേധം നടത്തിയത്. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര എന്ന വാഗ്ദാനം യുഡിഎഫ് പാലിക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ വോട്ട് വാങ്ങി അവരെ വഞ്ചിക്കുകയാണ് വി.ഡി. സതീശൻ ചെയ്തതെന്ന് അശ്വിനി ആരോപിച്ചു.
മേയ് 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്നാണ് സതീശൻ പറഞ്ഞത്. ഉറപ്പില്ലായിരുന്നുവെങ്കിൽ കൃത്യമായ തിയതി പറയാതെ മന്ത്രിസഭ അധികാരത്തിൽ എത്തിയ ശേഷം സൗജന്യ യാത്ര നടപ്പാക്കുമെന്ന് പറയണമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന് ഇന്ന് മുതൽ സ്വകാര്യ വാഹനം ഒഴിവാക്കി ബസുകളിൽ യാത്ര ചെയ്യാമെന്നും പണം ലാഭിക്കാമെന്നും സ്ത്രീകൾ കരുതി.
എന്നാൽ ബസിൽ കയറിയ സ്ത്രീകൾക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നു. സൗജന്യ യാത്ര അനുവദിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അവർ പറഞ്ഞു. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. തുടർന്ന് പ്രധാന കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

















































