ന്യൂഡൽഹി: 100 കോടി രൂപയുടെ കള്ളപ്പണക്കേസിൽ പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ. ബി.ജെ.പിയിൽ ചേരാൻ വിസമ്മതിച്ചതിനാലാണ് മന്ത്രിയെ ലക്ഷ്യമിട്ടതെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ആക്രമണമാണ് അറസ്റ്റ് എന്ന് വിശേഷിപ്പിച്ച കെജ്രിവാൾ ബി.ജെ.പിയെ തിരഞ്ഞെടുക്കാതെ ജയിൽ തിരഞ്ഞെടുത്ത അറോറയെ പ്രശംസിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാക്കളെ സമ്മർദ്ദത്തിലാക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘പ്രതിസന്ധി ഘട്ടങ്ങളിലാണ് ഒരു വ്യക്തിയുടെ സ്വാഭാവം വെളിപ്പെടുക. ബി.ജെ.പിയിൽ ചേരുന്നതിനേക്കാൾ ജയിലിൽ പോകാനാണ് സഞ്ജീവ് അറോറ ഇഷ്ടപ്പെട്ടത്. അദ്ദേഹത്തിന് സല്യൂട്ട്’ -കെജ്രിവാൾ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി പുതുതായി സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരിയെയും കെജ്രിവാൾ കുറ്റപ്പെടുത്തി. ഒരിക്കൽ ബി.ജെ.പിയാൽ അഴിമതി ആരോപണവിധേയരായ നേതാക്കൾ പിന്നീട് പാർട്ടിയിൽ ചേർന്നതിന് ശേഷം അന്വേഷണത്തിൽനിന്ന് രക്ഷപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി തന്നെ സുവേന്ദു അധികാരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്ന് അദ്ദേഹം തന്നെ സുവേന്ദു അധികാരിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകി’ -കെജ്രിവാൾ പറഞ്ഞു. സുവേന്ദു അധികാരിയുടെ പിന്നാലെ ഇ.ഡി പോകില്ല. സഞ്ജീവ് അറോറ, അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവർക്കെതിരെ ഇ.ഡി നടപടിയെടുക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.

















































