ഗോരഖ്പൂർ: വിവാഹ റിസെപ്ഷനിടെ ചിക്കൻ ലെഗ്പീസ് കിട്ടാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഒരാൾക്ക് ദാരുണാന്ത്യം. സുമിത്ത് (25) ആണ് മരിച്ചത്. ചിക്കൻ ലെഗ്പീസ് ലഭിക്കാത്തതിനെ ചൊല്ലിയുള്ള തർക്കം പിന്നീട് ഇരുകക്ഷികളും തമ്മിലുള്ള ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ഒരു വിഭാഗം കല്ലുകൾ, ബെൽറ്റ്, വടി എന്നിവയുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. സുമിത്തിനെ കൂടാതെ ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
മുനിസിപ്പൽ ജീവനക്കാരൻ്റെ മകളുടെ വിവാഹത്തിനിടെയാണ് സംഭവം. ഡിജെ പാട്ടുകളെ ചൊല്ലിയുള്ള തർക്കമാണ് ആദ്യം ആരംഭിച്ചത്. പിന്നാലെ വിവാഹത്തിനെത്തിയ ആൾക്ക് ചിക്കൻ ലെഗ് പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് മറ്റൊരു തർക്കവും ഉടലെടുത്തു. തുടർന്ന് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും കല്ലെറിയുകയും വടികളും മറ്റ് മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
സംഘർഷത്തിനിടെ വരൻ്റെ ബന്ധുവിന് മാരകമായി പരുക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിക്കുകയുമായിരുന്നു. നേപ്പാളി സ്വദേശിയായ മറ്റൊരു യുവാവ് ചികിത്സയിൽ കഴിയുകയാണ്. മരിച്ച സുമിത്ത് മൂന്നു മാസം മുൻപാണ് വിവാഹം കഴിച്ചത്. സംഭവത്തിന് പിന്നാലെ സുമിത്തിൻ്റെ കുടുംബം കേസ് നൽകുകയും പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു.


















































