കാസർകോട്: മുഖ്യമന്ത്രി സ്ഥാനത്തിനെ ചൊല്ലി കോൺഗ്രസിൽ നടക്കുന്നത് വിഭാഗിയ പ്രവർത്തനമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. നേതാക്കൾ തെരുവ് യുദ്ധം നടത്തരുത്. സംഘടന ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റുമെന്നും ഉമ്മൻചാണ്ടിയുടെ ഫ്ലെക്സ്കീറിയവർ കോൺഗ്രസുകാരല്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ. മുസ്‍ലീം ലീഗിനെ വിമർശിച്ച മാത്യു കുഴൽനാടനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധ രാത്രിയും കുട പിടിക്കും. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാൻ ലീഗ് ഉൾപ്പടെ എല്ലാവർക്കും അവകാശം ഉണ്ട്. അവകാശമില്ല എന്ന് ഒരു നേതാവിനും പറയാനാവില്ല. അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവർക്കും അറിയാമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നാണ് ജയിച്ചത്.
പ്രയങ്ക ഗാന്ധി വയനാട്ടിൽ എംപിയാണ്, താൻ കാസർകോട്ടെ എംപിയാണ്, സുധാകരൻ കണ്ണൂർ എംപിയാണ്, ഷാഫി പറമ്പിൽ വടകര എംപിയാണ്, അനികുമാർ വണ്ടൂർ എംഎൽഎയാണ്. തങ്ങൾക്കാർക്കും അങ്ങനെ പറയാൻ പറ്റില്ല. എല്ലാവരും സഹായിച്ചാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയ പ്രവർത്തനമാണ് കോൺഗ്രസിൽ നടക്കുന്നത്. തെരുവിലെ കളി അവസാനിപ്പിക്കണം. തീക്കൊള്ളികൊണ്ട് തല ചൊറിയരുത്. സംഘടന മര്യാദ പാലിക്കണം. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയവർ കോൺഗ്രസുകാരല്ല. കെ.സി ക്കൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം ഉണ്ടെങ്കിൽ അതും നശിപ്പിക്കുമായിരുന്നു.
കേരളത്തിലെ ഒരു കോൺഗ്രസ് നേതാക്കളും മിണ്ടുന്നില്ല. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയപ്പോൾ ജയിക്കാൻ ശവകുടീരത്തിൽ പോയ എതെങ്കിലും ഒരുത്തൻ പ്രതികരിച്ചോ. പിണറായി വിജയന്റെ കോലം കത്തിച്ചാൽ ഞാൻ എതിർക്കില്ല. കോൺഗ്രസ് നേതാക്കളുടെ കോലം കത്തിച്ചാൽ സഹിക്കില്ല. സമൂഹ മാധ്യമങ്ങളിൽ ആക്രമിക്കപ്പെടുമെന്ന് നേതാക്കൾക്ക് പേടിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നേതാക്കൾക്ക് അവസാനം വരെ പൊരുതാം. തെരുവ് യുദ്ധം നടത്തരുത്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഒരു എതിർ ശബ്ദവും ഉയരില്ലെന്നും ഉണ്ണിത്താൻ.


















































