തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ദിവ്യ എസ്. അയ്യറെ സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ ഭിന്നാഭിപ്രായം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തതയില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി പ്രതികരിച്ചപ്പോൾ, ദിവ്യ എസ്. അയ്യറെ നേരത്തെയും മാറ്റാൻ ശ്രമം നടന്നിരുന്നുവെന്ന് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് വലിയ കൊള്ളയാണ് നടന്നതെന്നും, ഇ.പി. ജയരാജൻ ഇക്കാര്യത്തിൽ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കെ.കെ. രാഗേഷിന്റെ പരാമർശങ്ങളെ തള്ളി പി.കെ. ശ്രീമതി രംഗത്തെത്തി. “രാഗേഷ് പറഞ്ഞതിൽ വ്യക്തതയില്ല. ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുത്. പറയുന്ന കാര്യത്തിൽ വ്യക്തത വേണം. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ഇ.പി. ജയരാജന്റെ നിലപാട് തന്നെയാണ് എന്റേത്,” എന്ന് അവർ പറഞ്ഞു.
ദിവ്യ എസ്. അയ്യറുടെ സ്ഥലംമാറ്റത്തെക്കുറിച്ചും പി.കെ. ശ്രീമതി പ്രതികരിച്ചു. “ദിവ്യ എസ്. അയ്യർ പ്രഗത്ഭയായ ഉദ്യോഗസ്ഥയാണ്. ഏത് സർക്കാരായാലും അവരോട് വിധേയത്വം പുലർത്തുന്നയാളാണ്. അവരുടെ മാറ്റം സ്വാഭാവികമാണ്. അവർ ഏതെങ്കിലും അനീതി കാട്ടിയെന്ന് കരുതുന്നില്ല. കാരണം പറയേണ്ടത് മുഖ്യമന്ത്രിയാണ്. ജോൺ ബ്രിട്ടാസിന്റെ അഭിപ്രായം തനിക്കില്ല. സർക്കാർ തീരുമാനം പോലെയാണ് മാറ്റം വരുന്നത്. കെ.കെ. രാഗേഷിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. രാഗേഷ് ഇക്കാര്യം പറയുമ്പോൾ കാരണങ്ങൾ കൂടി വ്യക്തമാക്കണം. എന്നാലേ ആളുകൾക്ക് വ്യക്തമാവുകയുള്ളൂ,” എന്നും പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.



















































