ചെന്നൈ: ലാന്‍ഡിങ്ങിന് പിന്നാലെ ഷാര്‍ജ–ചെന്നൈ എയര്‍ അറേബ്യ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യുവാവിന്‍റെ സാഹസം. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത് ടാക്സി വേയിലൂടെ വിമാനം നീങ്ങുന്നതിനിടെയാണ് സംഭവം.
വിമാനം ചലിച്ചുകൊണ്ടിരിക്കെ യുവാവ് പെട്ടെന്ന് എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. വിമാനം പൂര്‍ണമായും നിർത്തുന്നതിന് മുൻപ് തന്നെ ഇയാൾ പുറത്തേക്ക് ചാടിയത് മറ്റ് യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. റണ്‍വേയില്‍ നിന്ന് മാറി വിമാനം ചെറിയ വേഗതയില്‍ പാര്‍ക്കിങ് ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം. മറ്റ് യാത്രക്കാര്‍ക്കൊന്നും പരുക്കേറ്റതായോ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായോ റിപ്പോര്‍ട്ടില്ല.
പൈലറ്റ് ഉടന്‍ തന്നെ സംഭവത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. യാത്രയിലുടനീളം ഇയാള്‍ ശാരീരികാസ്വാസ്ഥ്യം പ്രകടപ്പിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കുന്ന സൂചന. രണ്ടു തവണ യാത്രക്കിടെ ഛര്‍ദിച്ചിരുന്നതായും വിമാനത്താവള അധികൃതർ വ്യക്തമാക്കി. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണത്തിനായി പോലീസിന് കൈമാറി.
ഇയാളുടെ മാനസികാരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 3.23 മുതല്‍ 4.23വരെ പ്രധാന റണ്‍വേ അടച്ചിട്ടിരുന്നു. യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലക്കാരനാണെന്നാണ് പ്രാഥമിക വിവരം. വ്യോമയാന സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

















































