ദുബായ്: ഹോർമൂസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷാവസ്ഥ ശക്തമായ സാഹചര്യത്തിൽ, ഗൾഫ് മേഖലയിലെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും മുൻനിർത്തി ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ അടിയന്തര ഏകോപനത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ-വാതക ഗതാഗത പാതകളിലൊന്നായ ഹൊർമുസ് കടലിടുക്കിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, കപ്പൽഗതാഗതത്തിന് ഫീസ് ഈടാക്കാൻ ഇറാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജിസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഹോർമൂസ് കടലിടുക്ക് ദിവസേന ലോക എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം വരെ കടന്നുപോകുന്ന മാർഗമാണ്. അതിനാൽ ഇവിടെ ഉണ്ടാകുന്ന ഏതൊരു തടസ്സവും ആഗോള ഊർജ്ജ വിപണിയെയും, പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും, ഗൗരവമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ പശ്ചാത്തലത്തിലാണ് ജിസിസി രാജ്യങ്ങൾ “യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്വതന്ത്ര ഗതാഗത സ്ഥിതി പുനഃസ്ഥാപിക്കണം” എന്ന നിലപാട് ശക്തമായി മുന്നോട്ടുവച്ചത്.
ഇറാനുമായുള്ള സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ, മേഖലാതല പ്രതിരോധ-അവസരസൗകര്യ പദ്ധതികൾ വേഗത്തിലാക്കാനും ജിസിസി തീരുമാനം എടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ജിസിസി രാജ്യങ്ങളെ റെയിൽപാതകളിലൂടെ ബന്ധിപ്പിക്കുന്ന ദീർഘകാല സ്വപ്നമായ ജിസിസി റെയിൽ പദ്ധതിയാണ്. സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവയെ ഏകീകൃത ഗതാഗത ശൃംഖലയിലൂടെ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ വ്യാപാരവും സൈനിക ലോജിസ്റ്റിക്സും വേഗത്തിലാക്കാൻ കഴിയും.
ഇതോടൊപ്പം, വൈദ്യുതി ക്ഷാമ സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാൻ കഴിയുന്ന ജിസിസി വൈദ്യുതി ശൃംഖല, എണ്ണയും പ്രകൃതിവാതകവും സുരക്ഷിതമായി കൈമാറാൻ ഓയിൽ-ഗ്യാസ് പൈപ്പ് ലൈൻ നെറ്റ്വർക്ക്, മരുഭൂമിപ്രദേശങ്ങളിലെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ ശുദ്ധജല വിതരണ ശൃംഖല എന്നിവയും പ്രധാന അജൻഡയായി ഉയർന്നു. ജലസുരക്ഷ ഗൾഫ് രാജ്യങ്ങൾക്ക് അതീവ പ്രധാനമാണെന്നതിനാൽ, സമഗ്രമായ ജല മാനേജ്മെന്റ് സംവിധാനങ്ങൾ രൂപീകരിക്കാനും ചർച്ചകൾ പുരോഗമിക്കുന്നു.
മേഖലയിൽ വർധിച്ചുവരുന്ന മിസൈൽ ഭീഷണികളെ നേരിടാൻ, ബലിസ്റ്റിക് മിസൈലുകൾക്ക് എതിരെ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംയുക്ത പ്രതിരോധ സംവിധാനം രൂപപ്പെടുത്താനും ജിസിസി ആലോചിക്കുന്നു. ഇതിനായി അമേരിക്കയുമായി ഉൾപ്പെടെ സാങ്കേതിക സഹകരണം ശക്തമാക്കാനാണ് നീക്കം. പ്രത്യേകിച്ച് യുഎസ് പ്രതിരൊധ വകുപ്പുമായുള്ള സഹകരണം ഇതിനകം തന്നെ പുരോഗമിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്.
യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ “ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവൻ ജിസിസിക്കെതിരായ ആക്രമണമെന്നായി കണക്കാക്കണം” എന്ന് ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. ഇത് സംയുക്ത പ്രതിരോധ സിദ്ധാന്തത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന നീക്കമായി വിലയിരുത്തപ്പെടുന്നു.
അതേസമയം, ഇറാനും പാശ്ചാത്യരാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും, പ്രത്യേകിച്ച് യുഎസും ഇറാനും തമ്മിലുള്ള തർക്കങ്ങളും ഹോർമൂസ് മേഖലയിലെ അനിശ്ചിതത്വം വർധിപ്പിക്കുന്ന ഘടകങ്ങളാണ്. മുൻകാലങ്ങളിൽ കപ്പലുകൾ പിടിച്ചെടുക്കൽ, ഡ്രോൺ ആക്രമണങ്ങൾ, എണ്ണടാങ്കറുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടങ്ങിയ സംഭവങ്ങൾ ഈ കടലിടുക്കിന്റെ സുരക്ഷാ പ്രാധാന്യം വീണ്ടും ഉയർത്തിക്കാട്ടുന്നു
വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, ഹോർമൂസ് വഴി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ ആഗോള എണ്ണവില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. അതിന്റെ ആഘാതം ഇന്ത്യ പോലുള്ള ഇറക്കുമതി ആശ്രിത രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും. ഇതിനാലാണ് ജിസിസി രാജ്യങ്ങൾ ദീർഘകാല സുരക്ഷാ-സാമ്പത്തിക പദ്ധതികൾ ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്നത്.
ഹോർമൂസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള പുതിയ സംഘർഷാവസ്ഥ ഗൾഫ് മേഖലയിലെ ശക്തിസമത്വം മാറ്റാൻ ഇടയാക്കുന്ന ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ജിസിസിയുടെ സംയുക്ത നീക്കങ്ങൾ ഈ പ്രതിസന്ധിയെ ചെറുക്കാൻ എത്രത്തോളം ഫലപ്രദമാകുമെന്ന് അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.
















































