അഹമ്മദാബാദ്: തുടർച്ചയായ നാല് പരാജയങ്ങൾക്കു ശേഷം ഐപിഎല്ലിൽ വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസിനെ 99 റൺസിന് തകർത്തെറിഞ്ഞാണ് മുംബൈ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കുന്നത്. നാല് മത്സരങ്ങൾക്ക് ശേഷമാണ് മുംബൈയുടെ ഈ ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ തിലക് വർമയുടെ വെടിക്കെട്ട് (45 പന്തിൽ 101*) സെഞ്ചുറി കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് 15.5 ഓവറിൽ 100 റൺസിന് എല്ലാവരും കൂടാരം കയറി. അശ്വിനി കുമാർ മുംബൈക്ക് വേണ്ടി 4 വിക്കറ്റുകൾ വീഴ്ത്തി. ജയത്തോടെ മുംബൈ ആറ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഏഴാമതായി. ആറ് മത്സരങ്ങളിൽ ആറ് പോയിന്റുള്ള ഗുജറാത്ത് ആറാം സ്ഥാനത്താണ്.
മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിന് തൊട്ടതെല്ലാം പിഴച്ചു. 17 പന്തിൽ 26 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. ശുഭ്മാൻ ഗിൽ (14), ഷാരുഖ് ഖാൻ (17), കഗിസോ റബാദ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. സായ് സുദർശൻ (0), ജോസ് ബട്‌ലർ (5), ഗ്ലെൻ ഫിലിപ്‌സ് (6), രാഹുൽ തെവാട്ടിയ (8), റാഷിദ് ഖാൻ (4), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെ പോകുന്നു ഗുജറാത്തിന്റെ സ്കോർ. അശോക് ശർമ (1) പുറത്താവാതെ നിന്നു. അശ്വിനിക്ക് പുറമെ മിച്ചൽ സാന്റ്‌നർ, ഗസൻഫാർ മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രിത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
അതേസമയം തിലകിന് പുറമെ നമൻ ധിർ (32 പന്തിൽ 45) മികച്ച പ്രകടനനം പുറത്തെടുത്തു. സ്ഥിരം ഓപ്പണർമാരായ രോഹിത് ശർമ, റിയാൻ റിക്കിൾട്ടൺ എന്നിവരില്ലാതെയാണ് മുംബൈ ഇന്നിറങ്ങിയത്. പകരമെത്തിയ ഡാനിഷ് മലേവാർ (2), ക്വിന്റൺ ഡി കോക്ക് (13) എന്നിവർ നിരാശപ്പെടുത്തി. ഇരുവരും മടങ്ങുമ്പോൾ 25 റൺസ് മാത്രമാണ് സ്‌കോർബോർഡിൽ ഉണ്ടായിരുന്നത്. പിന്നീടെത്തിയ സൂര്യകുമാർ യാദവും (15) മടങ്ങിയതോടെ മൂന്നിന് 44 എന്ന നിലയിലായി മുംബൈ. തുടർന്ന് തിലക് – ധിർ സഖ്യം 52 റൺസ് കൂട്ടിചേർത്തു. എന്നാൽ 13-ാം ഓവറിൽ ധിർ മടങ്ങി.
പകരമെത്തിയ ക്യാപ്റ്റൻ ഹാർദിക്കിനും കാര്യമായി (15) തിളങ്ങാനുമായില്ല. എങ്കിലും തിലകിനൊപ്പം 81 റൺസ് ചേർക്കാൻ ഹാർദിക്കിന് സാധിച്ചു. 19-ാം ഓവറിൽ ഹാർദിക് മടങ്ങി. എങ്കിലും തിലകിന്റെ സെഞ്ചുറി മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 45 പന്തുകൾ നേരിട്ട തിലക് ഏഴ് സിക്‌സും എട്ട് ഫോറും നേടി. സ്‌റ്റെഫാനെ റുതർഫോർഡ് (1) പുരത്താവാതെ നിന്നു. ഗുജറാത്തിന് വേണ്ടി കഗിസോ റബാദ മൂന്ന് വിക്കറ്റെടുത്തു.













































