ന്യൂഡൽഹി: വനിതാ സംവരണ ബില്ലിലെ ഭേദഗതികളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സ്ത്രീശക്തി നമ്മുടെ ദേശീയ ഭാവനയുടെയും കാഴ്ചപ്പാടിന്റെയും പ്രേരകശക്തിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വികസന ദിശയിൽ സ്ത്രീകൾക്ക് പ്രധാന സ്ഥാനമുണ്ടെങ്കിലും, സർക്കാർ കൊണ്ടുവന്ന ഈ ഭേദഗതി ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.
ഈ ബില്ലിന് സ്ത്രീശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റുന്നതിനുള്ള തന്ത്രമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും, സ്ത്രീകളെ മുന്നിൽനിർത്തി മണ്ഡല പുനർനിർണയം നടപ്പാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സ്ത്രീകളെ മറയായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ബിൽ ഒരു രാഷ്ട്രീയ നീക്കമാത്രമാണെന്നും, ഒബിസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ പിന്നിലാക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് അവരുടെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്ന ഭയമാണ് ഇതിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നടന്നതുപോലെ മണ്ഡല പുനർനിർണയം വഴി രാജ്യത്തിന്റെ രാഷ്ട്രീയ ഘടന മുഴുവൻ മാറ്റാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണം യഥാർത്ഥത്തിൽ നടപ്പിലാക്കണമെങ്കിൽ, നിലവിലെ ബില്ലിന് പകരം പഴയ ബിൽ ഉടൻ കൊണ്ടുവരണമെന്നും, അത് വൈകാതെ നടപ്പിലാക്കാൻ പ്രതിപക്ഷം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ ബിൽ സ്ത്രീകളെ മറയായി ഉപയോഗിച്ച് ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കുറയ്ക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാക്കുതർക്കവും ബഹളവും ഉണ്ടായി.
പ്രസംഗത്തിനിടെ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ പരാമർശിച്ച് അദ്ദേഹം ഒരു തമാശയും പങ്കുവെച്ചു. “പ്രധാനമന്ത്രിക്കും എനിക്കും ഭാര്യമാരില്ലാത്തതിനാൽ ആ ഭാഗത്തുനിന്നുള്ള ഉപദേശം ലഭിക്കാറില്ല, എങ്കിലും ഞങ്ങൾക്ക് അമ്മയും സഹോദരിമാരുമുണ്ട്” എന്ന അദ്ദേഹത്തിന്റെ പരാമർശം സഭയിൽ ചിരി പരത്തി. കൂടാതെ, തന്റെ ഇരുപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് സാധിക്കാത്ത ഒരു കാര്യം സഹോദരി പ്രിയങ്ക ഗാന്ധി സാധിച്ചതായി അദ്ദേഹം പറഞ്ഞു; അത് അമിത് ഷായെ ചിരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














































