ചെന്നൈ: ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കഷ്ടകാലം തുടരുന്നു. ചെന്നൈയെ അവരുടെ തട്ടകത്തിലിട്ട് തീർത്ത് പഞ്ചാബ് കിങ്സിന് സീസണിലെ തുടർച്ചയായ രണ്ടാം ജയം. ചെന്നൈ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ്, ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ഇന്നിങ്‌സ് ബലത്തിൽ മറികടന്ന് അഞ്ചുവിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 8 പന്തുകൾ ബാക്കിനിൽക്കേ ലക്ഷ്യം കണ്ടു. സ്‌കോർ: 210-5 (18.4 ഓവർ).
ആദ്യ മത്സരത്തിൽ രാജസ്ഥാനോട് പരാജയപ്പെട്ട ചെന്നൈ, സ്വന്തം തട്ടകത്തിൽ നടന്ന ഈ മത്സരത്തിലും തോൽവിയേറ്റുവാങ്ങി. ആയുഷ് മാത്രെയുടേയും ശിവം ദുബെയുടേയും വെടിക്കെട്ട് ബാറ്റിങ് മാത്രമാണ് ചെന്നൈ നിരയിൽ വേറിട്ടുനിന്നത്. സഞ്ജു സാംസൺ ചെന്നൈ ജഴ്‌സിയിൽ തുടർച്ചയായ രണ്ടാംമത്സരത്തിലും നിരാശപ്പെടുത്തി. ഏഴ് പന്തിൽ ഏഴ് റൺസാണ് നേടിയത്. കഴിഞ്ഞ കളിയിൽ ആറ് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിനെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ 29 പന്തിൽ 3 സിക്‌സറുകളും 4 ഫോറുകളും ഉൾപ്പെടെ 50 റൺസ് നേടി. ഓപ്പണർ പ്രിയാൻഷ് ആര്യ വെറും 11 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 39 റൺസ് അടിച്ചുകൂട്ടി ടീമിന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. പ്രഭ്സിമ്രാൻ സിങ് (34 പന്തിൽ 43), കൂപ്പർ കൊനോലി (22 പന്തിൽ 36) എന്നിവരും മികച്ച പിന്തുണനൽകി. നെഹാൽ വധേര (10), ശശാങ്ക് സിങ് (14), മാർക്കസ് സ്റ്റോയിനിസ് (9) ചേർന്ന് ടീമിന്റെ ജയം ഉറപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറിൽ 209 റൺസ് കണ്ടെത്തിയിരുന്നു. യുവതാരം ആയുഷ് മാത്രെയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. മാത്രെ 43 പന്തിൽ നിന്ന് 5 സിക്‌സറുകളും 6 ഫോറുകളും ഉൾപ്പെടെ 73 റൺസ് നേടി. 28 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറും സഹിതം പുറത്താവാതെ 45 റൺസ് നേടിയ ശിവം ദുബെയുടെ ഇന്നിങ്‌സാണ് ചെന്നൈയെ 200 കടത്തിയത്. സർഫറാസ് ഖാൻ 12 പന്തിൽ 32 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് 28 റൺസ് നേടി.
പഞ്ചാബിനുവേണ്ടി വിജയ്കുമാർ വൈശാഖ് നാല് ഓവറിൽ 38 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സേവ്യർ ബാർട്ട്‌ലെറ്റ്, മാർക്കോ ജാൻസൻ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ചെന്നൈക്കായി മാറ്റ് ഹെന്റി, അൻഷുൽ കംബോജ് എന്നിവർ രണ്ടുവീതം വിക്കറ്റുകളും സ്വന്തമാക്കി.














































