ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തുടരുന്ന വിദ്യാർഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രതിപക്ഷം വിദ്യാർഥികളെയും യുവാക്കളെയും ‘രാഷ്ട്രീയ ആയുധങ്ങളായി’ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സാമൂഹികമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് രാജ്നാഥ് സിങ് പ്രതികരിച്ചത്. രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ നിർഭാഗ്യകരമാണെന്നും, എന്നാൽ വിവേകമുള്ള യുവാക്കൾ ഇത്തരം രാഷ്ട്രീയ തന്ത്രങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെയും രാഷ്ട്രനിർമാണത്തിന്റെയും പാതയാണ് യുവാക്കൾ തിരഞ്ഞെടുക്കുകയെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാനും അവരുടെ പ്രതീക്ഷകൾക്ക് ഒപ്പമുനിൽക്കാനും നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പാർലമെന്റ് സമ്മേളനം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഏത് വിഷയവും സഭയ്ക്കുള്ളിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം ആവർത്തിച്ചു. എന്നാൽ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിന് പകരം പ്രതിഷേധങ്ങളിലൂടെ തെരുവിലേക്ക് കൊണ്ടുപോകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷത്തിന് ആത്മാർഥതയുണ്ടെങ്കിൽ പാർലമെന്റിന്റെ നടപടികൾ തടസ്സപ്പെടുത്താതെ എല്ലാ വിഷയങ്ങളും സഭയിൽ അവതരിപ്പിച്ച് രാജ്യത്തിന്റെ ശ്രദ്ധ നേടുകയാണ് വേണ്ടതെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധം പാർലമെന്റിനകത്തും പുറത്തും ശക്തമായിരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും അറിയിച്ചിരുന്നു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഉറച്ചുനിന്നതോടെ രാജ്യസഭാ നടപടികൾ വീണ്ടും തടസ്സപ്പെടുകയായിരുന്നു.


















































