തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്‌പെഷ്യാലിറ്റി വെന്റിലേറ്റർ യൂണിറ്റിൽ തീപ്പിടിത്തത്തിന് പിന്നാലെ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ മരിച്ചെന്ന വാർത്ത കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം അതീവഗൗരവതരവും അടിയന്തരമായി അന്വേഷിക്കേണ്ടതുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
തീപ്പിടിത്തത്തിനിടെ രോഗികളിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റിയതാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. വിവിധ വാഹനാപകടങ്ങളിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷ്, ആയൂർ സ്വദേശി കൃഷ്ണൻകുട്ടി, ഓട്ടോ ഡ്രൈവർ അബ്ദുൾ റഹീം, ചിറയിൻകീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരൻ എന്നിവരാണ് മരിച്ചത്. അപകടനില തരണം ചെയ്ത ആഹാരം കഴിച്ചു തുടങ്ങിയ സനീഷിന്റെ ആരോഗ്യനില തീപ്പിടിത്തത്തിനു ശേഷം വഷളായെന്നും പിറ്റേ ദിവസം മരിച്ചെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തീപ്പിടിത്തം ഉണ്ടായ ദിവസം തന്നെയാണ് കൃഷ്ണകുട്ടിയും മരിച്ചത്.
മറ്റ് മൂന്നു പേരുടെ കാര്യത്തിലും ഇതേ ആരോപണം ഉയർന്നിട്ടുണ്ട്, സതീശൻ പറഞ്ഞു. സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ ആരോഗ്യമേഖലയെയാണ് പിണറായി സർക്കാർ പത്ത് വർഷത്തെ ഭരണത്തിലൂടെ തകർത്തെറിഞ്ഞത്. ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവെയ്ക്കുന്ന ദാരുണ സംഭവങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുവെന്നതും ദുഃഖകരമാണ്. എത്രയെത്ര കുടുംബങ്ങളെയാണ് ഇവർ അനാഥമാക്കിയത്. ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും ഒട്ടേറെ പേരെ ദുരിതത്തിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണത്തെ കുറിച്ച് ആരോഗ്യവകുപ്പും പോലീസ് സംവിധാനങ്ങളും അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണം, പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.













































