ദുബൈ: യുഎഇയിൽ ഇത്തവണ ഈദ് പ്രാർഥനകൾ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല. ഖത്തറിലും സമാന നിർദേശം നൽകിയിട്ടുണ്ടെന്നാണ് അറിയിപ്പ്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അതിനിടെ ഇന്ന് ദുബൈയിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. വ്യോമപ്രതിരോധം സജ്ജമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ഹോർമുസ് കടലിടുക്കിൻറെ സുരക്ഷയ്ക്ക് യുഎസ് നടത്തുന്ന പരിശ്രമങ്ങളിൽ പങ്കാളിയായേക്കുമെന്ന് യുഎഇ അധികൃതർ പറഞ്ഞു. പ്രസിഡൻറിൻറെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് ഒരു ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി യുഎഇ ഇപ്പോൾ ചർച്ച നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ യുഎഇ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. സമാധാനം പുനസ്ഥാപിക്കാൻ ശ്രമം തുടരുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാൽ ഹോർമുസ് കടലിടുക്ക് തീരത്ത് വൻ ആക്രമണം നടത്തിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പൽവേധ മിസൈൽ ഡിപ്പോകൾ ആക്രമിച്ചു. ഭൂഗർഭ വേധ ബോംബുകൾ പ്രയോഗിച്ചെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
എന്നാൽ ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിമുഖത കാണിക്കുന്ന യൂറോപ്യൻ സഖ്യകക്ഷികളുടെ നിലപാടിൽ ട്രംപ് നിരാശനാണെന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. ട്രംപ് ഇത്രയും ദേഷ്യപ്പെടുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയേണ്ടത് യുഎസിൻറെ മാത്രം ആവശ്യമാണെന്ന തരത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സമീപനം വളരെ ദയനീയമാണെന്നും സെനറ്റർ കുറ്റപ്പെടുത്തി.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ അടച്ചിട്ട ഹോർമുസ് ജലപാത സുരക്ഷിതമാക്കാൻ സഹായിക്കണമെന്നാണ് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടത്. നിലവിലെ സംഘർഷത്തിൽ ഫ്രാൻസ് പങ്കാളികളല്ലെന്നും സംഘർഷം അവസാനിച്ചു കഴിഞ്ഞാൽ മാത്രമേ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ ഫ്രാൻസ് സഹായിക്കൂ എന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്. ഈ യുദ്ധം നാറ്റോയുടെ വിഷയമല്ലെന്ന് ജർമനിയും നിലപാടെടുത്തു. ജപ്പാൻ, ഓസ്‌ട്രേലിയ, പോളണ്ട്, സ്‌പെയിൻ, ഗ്രീസ്, സ്വീഡൻ എന്നീ രാജ്യങ്ങളും ഹോർമുസ് കടലിടുക്കിലെ യുഎസ് സൈനിക ഇടപെടലിൽ നിന്ന് അകന്നു നിൽക്കുകയാണിപ്പോൾ.















































