മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിന്റെ അലയൊലികൾക്കിടയിൽ മലയാളി താരം സഞ്ജു സാംസണെക്കുറിച്ചുള്ള കൗതുക കുറിപ്പുമായി ഷെഫ് സുരേഷ് പിള്ള. ട്വന്റി20 ലോകകപ്പ് തിരക്കുകൾക്കിടെ മുംബൈയിൽവച്ച് സഞ്ജുവിനു വേണ്ടി മാനേജർ പഴങ്കഞ്ഞിക്കു വേണ്ടി തന്നെ വിളിച്ചെന്ന് ഷെഫ് പിള്ള സമൂഹമാധ്യമത്തിൽ കുറിച്ചു. പഴങ്കഞ്ഞി കിട്ടിയില്ലെങ്കിലും കഞ്ഞി, മീൻ, കപ്പ, ചമ്മന്തി എന്നീ വിഭവങ്ങൾ അന്നു രാത്രി തന്നെ സഞ്ജുവിനു വേണ്ടി എത്തിച്ചു നൽകിയതായും ഷെഫ് പിള്ള പറയുന്നു.
സൂപ്പർ എട്ട് റൗണ്ടിൽ മാർച്ച് ഒന്നിന് വെസ്റ്റിൻഡീസിനെ അഞ്ചു വിക്കറ്റിനു കീഴടക്കിയിട്ടാണ്, സെമി ഫൈനലിനായി ഇന്ത്യൻ ടീം മുംബൈയിലെത്തിയത്. വിൻഡീസിനെതിരെ 50 പന്തുകളിൽ 97 റൺസെടുത്തു പുറത്താകാതെനിന്ന സഞ്ജു കളിയിലെ താരമായി. അതിനു ശേഷം മുംബൈയിൽ വിമാനമിറങ്ങിയ ശേഷം സെമി ഫൈനലിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സഞ്ജുവിന്റെ മാനേജർ ഷെഫ് പിള്ളയെ ബന്ധപ്പെട്ടത്. സഞ്ജുവിനെക്കുറിച്ചുള്ള ഷെഫ് പിള്ളയുടെ കുറിപ്പ് വൈറലായിരിക്കുകയാണ്.
‘‘സഞ്ജു സാംസൺ മുംബൈയിൽ വച്ച് പഴങ്കഞ്ഞി ചോദിച്ച് എന്നെ വിളിച്ച രാത്രി. മാർച്ച് രണ്ട്, ഏഴ് പിഎം. അപ്പോഴാണ് സഞ്ജുവിന്റെ മാനേജരായ ഇഖ്‍ലാസിന്റെ വിളിയെത്തുന്നത്. ചേട്ടാ, വെസ്റ്റിന്‍ഡീസിനെതിരായ മത്സരം വളരെ മികച്ചതായിരുന്നു. സഞ്ജു സന്തോഷത്തിലാണ്. ഞങ്ങൾ ഇപ്പോൾ മുംബൈയിലാണ്. മൂന്നു മാസമായി ഡയറ്റിലാണ്. ഇന്ന് രാത്രി സഞ്ജുവിന് ചീറ്റ് മീൽ വേണമെന്നുണ്ട്. പഴങ്കഞ്ഞിയും മീനും കപ്പയും ചമ്മന്തിയും സംഘടിപ്പിക്കാമോ? മുംബൈയില്‍ രാത്രി ഏഴു മണിക്കു പഴങ്കഞ്ഞി. ഞാൻ ചിരിച്ചു. പഴങ്കഞ്ഞി കിട്ടില്ലായിരിക്കും, പക്ഷേ കഞ്ഞിയും കപ്പയും മീനും കിട്ടും. ഞാൻ ഉടൻ തന്നെ മുംബൈയിലെ സൊസൈറ്റി ഹോട്ടൽ ഉടമ റസാഖ് ഇക്കയെ വിളിച്ചു. മിനിറ്റുകൾക്കുള്ളിൽ കഞ്ഞി, കപ്പ, മീൻ കറി, വറുത്ത മത്തി, ചമ്മന്തി, പപ്പടം എല്ലാം പാക്ക് ചെയ്ത് മുംബൈയിലെ സെന്റ്. റെജിസിലെത്തിച്ചു.’’
‘ഓരോ ടൂർണമെന്റുകൾക്കും വേണ്ടി സഞ്ജുവിന്റെ ത്യാഗങ്ങൾ ആരും കാണുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. സമൂഹമാധ്യമങ്ങള്‍ ഇല്ല. മാസങ്ങളോളം തുടരുന്ന തയാറെടുപ്പുകള്‍. മലയാളികളെ അഭിമാനം കൊള്ളിച്ച ഓരോ നിമിഷങ്ങൾക്കും പിന്നിലെ ശരിയായ കഥ അതാണ്. ഇന്നലെ വൈകിട്ട് വീണ്ടും ഒരു ഫോൺ കോൾ. ചേട്ടാ ഞങ്ങൾ കൊച്ചിയിലുണ്ട്. രാവിലെ ഡൽഹിക്കു പോകും. രാത്രി അങ്ങോട്ട് വന്നോട്ടെ? സഞ്ജു കൊച്ചിയിലുണ്ടെങ്കിൽ അത്താഴം ഞങ്ങളുടെ റസ്റ്ററന്റിലായിരിക്കും. അതുറപ്പാണ്. ബാൽക്കണിയിലെ അഞ്ചു പേർക്ക് ഇരിക്കാവുന്ന ടേബിൾ മാറ്റിവച്ചു. രാത്രി 9.30 ഓടെ സഞ്ജു, ഭാര്യ ചാരുലത, ഇഖ്‍ലാസ്, സുഹൃത്തുക്കൾ എന്നിവരെത്തി. ഭക്ഷണവും ചിരികളും ടിവിയിൽ കാണാത്ത ലോകകപ്പ് കഥകളുമൊക്കെയായി അർധ രാത്രി വരെ.’’
‘‘സഞ്ജുവിനായി എത്ര തവണ പാചകം ചെയ്തിട്ടുണ്ടെന്നത് എനിക്ക് ഇപ്പോഴും ഓർമയില്ല. പക്ഷേ ഓരോ തവണയും ആദ്യമായി ചെയ്യുന്നതു പോലെയാണു തോന്നുക. അടുത്തത് ഐപിഎലാണ്. ചെപ്പോക്കില്‍ മഞ്ഞക്കടൽ അലയടിക്കുമ്പോൾ നമ്മുടെ സഞ്ജു വരും. ഒരു കളിക്കാരനായല്ല. രാജകുമാരനായി. ഒരിക്കൽ തിരുവനന്തപുരത്തെ തെരുവുകളിൽ ബാറ്റുമേന്തി ഒരുപാടു സ്വപ്നങ്ങളുമായി നടന്നിരുന്ന പയ്യൻ ഇന്ന് മലയാളികളുടെ അഭിമാനമായി ലോകത്തിന്റെ നെറുകയിൽ. സഞ്ജു, നീ ബാറ്റു ചെയ്യുമ്പോൾ മലയാളികളിൽ ഒരു വികാരം മാത്രമാണ് ഉണ്ടാകുക, അവൻ ഞങ്ങളിൽ ഒരാളാണ്. സഞ്ജുവിന് എല്ലാ ആശംസകളും. ഐപിഎൽ ഭരിക്കുക.’’ ഷെഫ് പിള്ള കുറിച്ചു.
ട്വന്റി20 ലോകകപ്പിലെ ഫൈനലുൾപ്പടെ ഇന്ത്യയുടെ അവസാന മൂന്നു മത്സരങ്ങളിലും അർധ സെഞ്ചറി നേടിയ സഞ്ജു ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.














































