പാലക്കാട്: മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരേ ഉയർന്ന പുതിയ ആരോപണത്തിൽ പേരെടുത്ത് പ്രതികരിക്കാതെ മന്ത്രി പറയുന്ന വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇക്കാര്യത്തിൽ താൻ അദ്ദേഹത്തിന്റെ വാക്കുകൾതന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും ഈ വിഷയത്തിൽ പലതും മാധ്യമപ്രവർത്തകർക്ക് അറിയാമെന്നും താൻ അഭിപ്രായം പറയാനില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇത്തരം വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടിൽ ജനങ്ങൾക്ക് സംശയമുണ്ടാകില്ലേ എന്നും രാഹുൽ ചോദിച്ചു. ഇത്തരം വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കേണ്ട സമീപനങ്ങളിൽ ഇരട്ടത്താപ്പുണ്ടോ, രാഷ്ട്രീയമുണ്ടോ എന്നൊക്കെ സർക്കാർ മറുപടി പറയേണ്ടിവരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മന്ത്രിക്കെതിരെ ആരോപണം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞദിവസം ‘ഇതല്ലേ അധഃപതനം’ എന്ന തലക്കെട്ടോടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഒരു പ്രസംഗത്തിൽനിന്നുള്ള ദൃശ്യം രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ചിരുന്നു. ‘അധഃപതനം അല്ലാതെ എന്തുപറയാൻ, അന്തസുണ്ടെങ്കിൽ അയാളോട് എംഎൽഎ സ്ഥാനം രാജിവെയ്ക്കൂ എന്നുപറയണം’ എന്ന് ഗണേഷ്‌കുമാർ സംസാരിക്കുന്ന 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യമായിരുന്നു ഇത്.
മുൻപ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാരോപണം ഉയർന്നപ്പോൾ ഗണേഷ്‌കുമാർ നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. അതേസമയം മന്ത്രി ഗണേഷ്‌കുമാറിനെ തറവാട്ടുവീട്ടിൽ വച്ച്ഭാര്യ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്നും തുടർന്ന് മന്ത്രിയുടെ സഹായികൾ ഭാര്യയെ തടഞ്ഞുവെച്ച് മൊബൈൽഫോൺ കൈക്കലാക്കാൻ ശ്രമിച്ചെന്നും ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ, ഈ വിഷയത്തിൽ മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചെങ്കിലും മന്ത്രിയുടെ പേരെടുത്ത് പ്രതികരിക്കാനോ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനോ രാഹുൽ തയ്യാറായില്ല.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ ശേഷം ഇന്നാണ് ഒരിടവേളയ്ക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ തന്റെ നിയോജകമണ്ഡലമായ പാലക്കാട് എത്തിയത്. താൻ ഇനിയും പാലക്കാട് തന്നെയുണ്ടാകുമെന്നും എംഎൽഎ എന്നനിലയിൽ വീഴ്ചയൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.















































