മോസ്കോ: യുദ്ധമുഖത്ത് യുഎസ്- ഇസ്രയേൽ സഖ്യത്തെ നേരിടാൻ ഇറാന്ത സഹായവുമായി റഷ്യ രംഗത്തുണ്ടെന്ന് യുഎസ് മാധ്യമ റിപ്പോർട്ട്. ഇറാന് പരോക്ഷമായ പിന്തുണ റഷ്യ നൽകുന്നുവെന്നാണ റിപ്പോർട്ടിലുള്ളത്. ശത്രു യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും നേരെ ആക്രമണം നടത്താൻ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായ ഇറാനെ സഹായിക്കുന്നതിനായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ നൽകുന്നുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ ഇറാനോടുള്ള പിന്തുണയുടെ വ്യാപ്തി പക്ഷെ ഇതുവരെ പൂർണമായി വ്യക്തമായിരുന്നില്ല. കഴിഞ്ഞയാഴ്ച യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇറാനിയൻ സൈന്യത്തിന് യുഎസ് സേനയെ കണ്ടെത്താൻ സാധ്യമാകുന്നില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഞായറാഴ്ച കുവൈത്തിൽ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് പോർട്ട് ഷുവൈബയിലെ കമാൻഡ് സെന്ററിലാണ് ഡ്രോൺ പതിച്ചത്.
ഇറാന് സ്വന്തമായി ഉപഗ്രഹശേഖരം ഇല്ലെന്നും അതേസമയം റഷ്യയുടെ നൂതനമായ ബഹിരാകാശകഴിവുകൾ ഉപയോഗപ്പെടുത്തുകയാണെന്ന് കാർനെഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ റഷ്യൻ സൈനിക വിദഗ്ധനായ ഡാര മാസ്സിക്കോട്ട് പ്രതികരിച്ചു. ഇറാന് ഏർലി വാണിങ് റഡാറുകളിലും ഓവർ-ദ-ഹൊറിസൺ റഡാറുകളിലും വളരെ കൃത്യമായ ആക്രമണങ്ങൾ നടത്താൻ സാധിക്കുന്നതായും ഡാര മാസ്സിക്കോട്ട് കൂട്ടിച്ചേർത്തു.
ഇറാൻ വ്യോമപ്രതിരോധം ഭേദിക്കുന്നുവെന്ന് ഹാർവാഡ് കെന്നഡി സ്കൂളിലെ ബെൽഫർ സെന്ററിൽ ഇറാനും റഷ്യയും തമ്മിലുള്ള സഹകരണം പഠിക്കുന്ന നിക്കോൾ ഗ്രെയ്‌ജെവ്സ്കി പറഞ്ഞു. കഴിഞ്ഞ വർഷം ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിൽ നടന്ന 12 ദിവസത്തെ യുദ്ധത്തെ അപേക്ഷിച്ച് ഇറാന്റെ ആക്രമണങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യയും ചൈനയും ഇറാൻ യുദ്ധത്തിൽ അപ്രസക്തർ ആണെന്നാണ് ചൊവ്വാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞത്. വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിയുടെ പ്രതികരണമിങ്ങനെയാണ്. “ഇറാനിയൻ ഭരണം പൂർണ്ണമായും തകർക്കപ്പെടുന്നു. അവരുടെ ബാലിസ്റ്റിക് മിസൈൽ പ്രത്യാക്രമണം ഓരോ ദിവസവും കുറയുന്നു, അവരുടെ നാവികസേന നശിപ്പിക്കപ്പെടുന്നു, അവരുടെ ഉത്പാദനശേഷി തകർക്കപ്പെടുന്നു, അവരുടെ ഏജൻസികൾക്ക് കാര്യമായ ചെറുത്തുനിൽപ്പ് നടത്താൻ കഴിയുന്നില്ല”.
നിലവിലെ ഈ സംഘർഷം റഷ്യയെ സംബന്ധിച്ച് അപ്രതീക്ഷിത മുന്നേറ്റമാണ്, അവരുടെ എണ്ണ, വാതക ഉത്പന്നങ്ങൾക്കുള്ള ആവശ്യം ഗണ്യമായി വർധിക്കുകയും സമീപവർഷങ്ങളിൽ യുക്രൈനെതിരെയുള്ള യുദ്ധവുമായി ബന്ധപ്പെട്ട ഉപരോധങ്ങളാൽ തകർന്ന കയറ്റുമതി വർധിക്കുകയും ചെയ്തു.
















































