പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. കേസിൽ പത്തനംതിട്ട സ്വദേശി സുബിൻ അലക്സാണ്ടറടക്കം മൂന്നു പേർ അറസ്റ്റിലായി. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം. ആറുപേര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചതെന്നാണ് പരാതി.
ബാക്കിയുള്ള മൂന്നുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരുവല്ലയിലെ സ്പായിൽ കുറച്ചുനാളുകളായി ‘മരണ സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടറും സംഘവും നിരന്തരം ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നു. സംഭവദിവസം 50,000 രൂപ ആവശ്യപ്പെട്ടെത്തിയ സംഘം, പണം നൽകാൻ വിസമ്മതിച്ചതോടെയാണ് ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, സ്പായിൽ നിന്നും 25,000 രൂപ ബലംപ്രയോഗിച്ച് തട്ടിയെടുത്ത ശേഷമാണ് മടങ്ങിയത്. പിടിയിലായ സുബിൻ അലക്‌സാണ്ടർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ളയാളുമാണ്.














































