കൊച്ചി: പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ദേശീയതലത്തിൽ മാതൃകയായി കൊച്ചി ഗ്ലോബൽ പബ്ലിക് സ്കൂൾ (ജി.പി.എസ്.). സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സി.എസ്.ഇ.) നൽകുന്ന പ്രശസ്തമായ ‘ഗ്രീൻ സ്കൂൾ അവാർഡ് 2025-26’ ജി.പി.എസ്. സ്വന്തമാക്കി. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി പങ്കെടുത്ത 7,407 സ്കൂളുകളിൽനിന്ന് ഏറ്റവും ഉയർന്ന ‘ഗ്രീൻ’ റേറ്റിംഗ് ലഭിച്ച ആറ് ശതമാനം സ്കൂളുകളിൽ ഒന്നാകാൻ ഗ്ലോബൽ പബ്ലിക് സ്കൂളിന് സാധിച്ചു. ഇത് തുടർച്ചയായ നാലാം വർഷമാണ് സ്കൂളിനെ തേടി ഈ അംഗീകാരമെത്തുന്നത്.
സ്കൂളിലെ വിദ്യാർഥികൾ തന്നെ നേരിട്ട് നടത്തുന്ന ‘ഗ്രീൻ സ്കൂൾ പ്രോഗ്രാം’ (ജി.എസ്.പി.) ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിശ്ചയിച്ചത്. വായു, ഊർജ്ജം, ഭക്ഷണം, ഭൂമി, ജലം, മാലിന്യം എന്നിങ്ങനെ ആറ് മേഖലകളിലെ സ്കൂളിന്റെ പ്രവർത്തനങ്ങളാണ് ഓഡിറ്റിന് വിധേയമാക്കിയത്. സ്കൂളിലെ സോളാർ പവർ പ്ലാന്റ്, ബയോഗ്യാസ് (B80) പ്ലാന്റ്, മാലിന്യങ്ങൾ തരംതിരിച്ചുള്ള സംസ്കരണം, പുനരുപയോഗ സംവിധാനങ്ങൾ എന്നിവയെ സി.എസ്.ഇ. ജൂറി പ്രത്യേകം പ്രശംസിച്ചു. പാഠപുസ്തകങ്ങളിൽ ഒതുങ്ങാതെ പരിസ്ഥിതി സംരക്ഷണം ജീവിതശൈലിയുടെ ഭാഗമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സി.എസ്.ഇ. ഡയറക്ടർ ജനറൽ സുനിത നരേൻ അവാർഡുകൾ വിതരണം ചെയ്തു. രാജ്യത്തെ ‘ഗ്രീൻ’ റേറ്റിംഗ് ലഭിക്കുന്ന സ്കൂളുകളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വർധനവുണ്ടായതായും സുനിത നരേൻ ചൂണ്ടിക്കാട്ടി. പരിസ്ഥിതി സൗഹൃദപരമായ ക്യാമ്പസ് ഒരുക്കുന്നതിലൂടെ സമൂഹത്തിന് തന്നെ മാതൃകയാവുകയാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ എന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
















































