റാഞ്ചി: ജാർഖണ്ഡിലെ ആദിവാസി ഗ്രാമത്തിൽ ക്രിസ്ത്യാനികളായി മതം മാറ്റം നടത്തിയ കുടുംബങ്ങൾക്ക് വിലക്ക്. ജഗന്നാഥപൂരിലെ ഹൽദി പൊഖാർ ഗ്രാമത്തിലാണ് മതംമാറ്റം നടത്തിയ നാല് കുടുംബങ്ങൾക്ക് ഗ്രാമത്തിലെ കിണറുകളും, പൊതു പൈപ്പുകളും, കുളവും മുതൽ പാചകം ചെയ്യാനായി വിറക് ശേഖരിക്കുന്നതും വരെ വിലക്കിയുള്ള പ്രതികാര നടപടി. ഒടുവിൽ പൊലീസിന്റെയും റവന്യൂ അധികാരികളുടെയും ഇടപെടലിനെ തുടർന്ന് കുടുംബങ്ങൾക്കുള്ള വിലക്ക് ഭാഗികമായി പിൻവലിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന മതപരിവർത്തനങ്ങളുടെ പേരിലാണ് ഗ്രാമമുഖ്യനു കീഴിൽ യോഗം ചേർന്ന് ക്രിസ്ത്യാനികളായ കുടുംബങ്ങൾക്ക് ബഹിഷ്‍കരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
നേരത്തെ മൂന്ന് കുടുംബങ്ങളാണ് ഗോത്ര വിഭാഗമായ ‘സർന’ വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തു മതം സ്വീകരിച്ചത്. നാലാമതൊരു കുടുംബം കൂടി മതംമാറിയതോടെ ഇവരെ ബഹിഷ്‍കരിക്കാൻ തീരുമാനിച്ചു. ഗ്രാമത്തിലെ കുളം, കിണർ, പൈപ്പ് വെള്ളം എന്നിവ ഉപയോഗിക്കാനും, വനത്തിൽ നിന്ന് വിറകും ചെടികളും ശേഖരിക്കുന്നതിൽ നിന്നും കടകളിലും വിലക്കി. ഇതോടെ, നിത്യജീവിതം ദുസ്സഹമായി കുടുംബങ്ങൾ പരാതിയുമായി അധികാരികളെ സമീപിക്കുകയായിരുന്നു.
ഗ്രാമത്തിലെത്തിയ പൊലീസും, റവന്യൂ അധികാരികളും ഇരു വിഭാഗവുമായി കൂടികാഴ്ച നടത്തി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. ഏതെങ്കിലും വിഭാഗങ്ങൾക്കെതിരെ സാമൂഹിക ബഹിഷ്‍കരണം ശിക്ഷാർഹമായ കുറ്റമാണെന്ന് മുന്നറിയിപ്പും നൽകി. ഇതോടെ, ഗ്രാമ മുഖ്യൻമാർ യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ ഗ്രാമീണർ ഉപയോഗിക്കുന്ന പൊതു സംവിധാനങ്ങൾ ഉപയോഗിക്കരുതെന്ന ഉപാധിയിൽ ബഹിഷ്‍കരണം പിൻവലിക്കാൻ തയ്യാറായി. മതംമാറിയ കുടുംബങ്ങൾക്ക്, തങ്ങളുടെ വീടുകൾക്ക് മുന്നിലെ കിണറിൽ നിന്ന് വെള്ളം എടുക്കാൻ മാത്രമാണ് ഇപ്പോൾ അനുവാദമുള്ളത്.
















































