ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയിയ്ക്ക് ഏറെ ഇഷ്ടമുള്ള സ്വന്തം റിസോർട്ടായ ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ കാസ്കേഡാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമയിടമായി കുടുംബാംഗങ്ങൾ തിരഞ്ഞെടുത്തത്. തനിക്ക് ഏറെ പ്രിയപ്പെട്ടയിടമാണ് കാസ്കേഡെന്ന് കെജെ റോയ് നിരവധി അഭിമുഖങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ബിസിനസ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച റോയിയെ അവസാനമായി ഒരുനോക്ക് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം ആയിരങ്ങളാണ് ബന്നാർഘട്ടയിലെത്തിയത്. റോയിയുടെ അമ്മ, ഭാര്യ, സഹോദരൻ, മക്കൾ എന്നിവരുൾപ്പെടെയുള്ള പ്രിയപ്പെട്ടവർ കണ്ണീർ ചുംബനമേകി അദ്ദേഹത്തെ യാത്രയാക്കി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു റിസോർട്ടിലെ പൊതുദർശനം. 2.30-ന് കാൽക്കരെ സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്കാരശുശ്രൂഷ നടത്തി. തുടർന്ന് കാസ്കേഡ് റിസോർട്ടിലേയ്ക്ക് ഭൗതീക ശരീരമെത്തിച്ച് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി.
ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ വെള്ളിയാഴ്ചയാണ് റോയ് (57) സ്വയം വെടിവെച്ച് മരിച്ചത്. മരണം അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപം നൽകിയിട്ടുണ്ട്.
അതേസമയം, സി.ജെ. റോയിയുടെ സംസ്‌കാരത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം മരണത്തെയും തുടർ അന്വേഷണത്തെക്കുറിച്ചും പ്രതികരിച്ചു .അച്ഛൻ വലിയ മനുഷ്യൻ ആയിരുന്നുവെന്നും മരണം ഞെട്ടലുളവാക്കുന്നതായിരുന്നുവെന്നും എന്തെങ്കിലും സമ്മർമുള്ളതായി അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും റോയിയുടെ മകൻ രോഹിത് റോയ് പറഞ്ഞു.അദ്ദേഹത്തിന്റ നഷ്ടം കുടുംബത്തിന് താങ്ങാനാവുന്നതല്ലെന്നും അത് വിവരിക്കാനാവുന്നതല്ലെന്നും രോഹിത് കൂട്ടിച്ചേർത്തു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മരണത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും റോയിയുടെ സഹോദരൻ സി.ജെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു.















































