സൈബർ ലോകത്തെ ചാവേർ സഖാക്കൾ സ്വയം വിശേഷിപ്പിക്കുന്നത് കടന്നലുകൾ എന്നാണ്. രാഷ്ട്രീയ എതിരാളികളെ സൈബർ ലോകത്ത് അറഞ്ചം പുറഞ്ചം കുത്തി നിരപ്പാക്കുക എന്നതാണ് ഇവരുടെ ദൗത്യം. കാര്യമോ, കാരണമോ ഒന്നും നോക്കേണ്ടതില്ല. യുക്തിയോ മര്യാദയോ ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല. സാധാ ചീത്തവിളി മുതൽ പച്ചത്തെറിവരെ ഇവരുടെ ആവനാഴിയിലുണ്ട്. അതിന്റെ കുത്തേറ്റു വാങ്ങാത്ത എതിർചേരിയിലെ ആളുകൾ ഇല്ല എന്നു തന്നെ പറയാം. കുറേക്കാലം ആ കടന്നലുകളുടെ സ്വയം പ്രഖ്യാപിത രാജാവായി കടന്നൽ രാജയായി വാണിരുന്നത് പി വി അൻവർ ആയിരുന്നു. എന്നാൽ അൻവർ മറുകണ്ടം ചാടിയ ശേഷം അടുത്ത രാജ ആര് എന്നതിൽ വലിയ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ ഏറെ വൈകാതെ തന്നെ സ്വയം ആ സ്ഥാനം ഏറ്റെടുത്തത് നമ്മുടെ ശിവൻകുട്ടിയണ്ണനായിരുന്നു. തന്നെ, നമ്മുടെ വിദ്യ ആഭാസ മന്ത്രി ശിവൻകുട്ടിയണ്ണൻ. ചരിത്രവും പരിചയസമ്പത്തും നോക്കിയാൽ അണ്ണനോളം ആ സ്ഥാനത്തിനർഹൻ മറ്റാരുമില്ല എന്നു തന്നെ പറയാം. അണ്ണന്റെ ആ നിയമസഭയിലെ പ്രകടനം ഒന്നു മാത്രം പോരെ രാജയല്ല ചക്രവർത്തി ആവാൻ.
നാലു വാക്ക് നിരത്തി എഴുതിയാൽ തെറ്റുകൂടാതെ വായിക്കാൻ കഴിയാത്ത അണ്ണൻ ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യുമെന്നാണോ ഓർക്കുന്നത്. അതിനൊക്കെ പാർട്ടി ക്ലാസിൽ നിന്നും വിദഗ്ദ പരിശീലനം ലഭിച്ച കുട്ടിക്കടന്നലുകൾ ഉണ്ട്. അയ്യോ പറഞ്ഞു പറഞ്ഞു ഇന്നത്തെ വിഷയം മാറിപ്പോയി. വിഷയം അണ്ണൻ തന്നെ, പക്ഷേ മാറ്റർ അണ്ണന്റെ ഭൂതകാല പോരാട്ടക്കഥയല്ല.
തൃശ്ശൂർ നടന്ന സംസ്ഥാന കലോത്സവത്തിന്റെ വേദിയിൽ പുതിയ നിവിൻ പോളി ചിത്രമായ സർവ്വം മായയിലെ നായികയുടെ കൂടെ ഇരിക്കുന്ന ഒരു ചിത്രം തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അണ്ണൻ ചെയ്തു എന്നു പറഞ്ഞാൽ ആ പേജ് കൈകാര്യം ചെയ്യുന്ന ഒരു കുട്ടിക്കടന്നൽ ചെയ്തു. അല്ലാതെ അണ്ണൻ ഡെലുലു എന്നൊക്കെ എഴുതിയാൽ വായിക്കുന്നവന്റെ നാക്കുളുക്കിപ്പോകില്ലേ. ആ കുട്ടി സഖാവിന് സർവം മായയിലെ ഡെലൂലുവിനോട് ഒരു ക്രഷ് തോന്നിക്കാണും. ആൾ പടം കണ്ടമാത്രയിൽ അണ്ണന്റെ പേജിൽ വച്ച് കീറി. മില്യൺ വ്യൂസും ലക്ഷക്കണക്കിന് ലൗചിഹ്നങ്ങളും തൗസന്റ്സ് കമന്റ്സും ഷെയറുകളും പ്രതീക്ഷിച്ച് കാത്തിരുന്ന കുട്ടി സഖാവിന് പക്ഷേ ചെറുതായൊന്ന് പാളി. കാരണം ആ ചിത്രത്തിൽ പാശ്ചാത്തലത്തിൽ മങ്ങിയ ഒരു മുഖമുണ്ടായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരം ഐ എം വിജയന്റെ. വിജയനെ ബ്ലർ ചെയ്താണ് കുട്ടിക്കടന്നൽ ക്രഷിനെ അണ്ണനൊപ്പം പ്രതിഷ്ഠിച്ചത്. എന്നാൽ മലയാളികൾ സഖാക്കളുടെ പോലെ വിവരദോഷമോ ബുദ്ധിശൂന്യതയോ ഇല്ലാത്തവരല്ലല്ലോ. അവർ ആ ചിത്രത്തിൽ കുട്ടിക്കടന്നലിന്റെ ക്രഷിനെ തള്ളി ഇന്ത്യയുടെ ഫുട്ബോൾ മുത്തിനെ കണ്ടില്ലേ എന്ന് ചോദിച്ച് അണ്ണനെ താങ്ങാൻ തുടങ്ങി. ചുരുക്കി പറഞ്ഞാൽ പോസ്റ്റ് പാളി. ചെറിയ വടി കൊടുത്ത് വലിയ അടി വാങ്ങുന്ന പരിപാടിയായി. അണ്ണൻ ഇതൊക്കെ അറിഞ്ഞു കാണുമോ എന്തോ. എന്തായാലും പോയമാനം തിരിച്ചു പിടിച്ചല്ലേ പറ്റൂ.
എന്തുചെയ്യും. കടന്നൽ രാജക്ക് അങ്ങനെ പിന്മാറാൻ പറ്റുമോ. കടന്നലുകൾ അടുത്ത പ്ലാൻ ബി ശരിയാക്കി. അണ്ണനോട് പറഞ്ഞു. അണ്ണോയ്, നമ്മുടെ പിള്ളാരുടെ കൂടെ ഒരു കൊലൈസ് ഒക്കെ നുണഞ്ഞ് നിക്കുന്ന ഒരു ഫോട്ടോ ഒപ്പിച്ചാൽ സംഗതി ശരിയാക്കാമെന്ന് ഒരു കുട്ടിക്കടന്നൽ ഉണർത്തി. ഐസ് ഒക്കെ ഷുഗറല്ലെടേയ്, ഈ വയസാൻ കാലത്ത് നീയൊക്കെ എന്നെ വേഗം പെട്ടിയിലേക്കാക്കാനാണോ നോക്കുന്നത് എന്ന് അണ്ണൻ ചോദിച്ചോ എന്നറിയില്ല. എന്തായാലും ഫോട്ടോ വന്നു. പോസ്റ്റും റെഡി. ഒന്നല്ല, ഒരുപാട്. പ്ലാൻ ബി റോളിംഗ്.
അണ്ണൻ കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നു, ഐസ്ക്രീം കഴിക്കുന്നു. എന്നാൽ കഴിഞ്ഞ തവണത്തെ വിദ്യാഭ്യാസ മന്ത്രി ബ്ലാക്ക് കാറ്റുകളുടെ നടുവിൽ നിന്നാണ് പ്രസംഗിക്കുന്നത്. സോറി, കഴിഞ്ഞ തവണത്തെ എന്നു പറഞ്ഞത് രവീന്ദ്രനാഥിനെ അല്ല, പഴയ യു ഡി എഫ് മന്ത്രിസഭയിലെ മന്ത്രി, അബ്ദു റബ്. അതായത്, ശിവൻകുട്ടിയണ്ണൻ കുട്ടികളുടെ മന്ത്രി അപ്പൂപ്പനാണ്. അവരുടെ കൂടെ കളിക്കും ചിരിക്കും ഐസ്ക്രീം കഴിക്കും. എന്നാൽ റബ്ബോ, കുട്ടികളെ പേടിച്ച് സെക്യൂരിറ്റി ഗാർഡിനെ ചുറ്റും നിർത്തിയാണ് പ്രസംഗം പോലും. അപ്പോ അണ്ണൻ ആര്. ജനകീയൻ. എന്നാൽ അബ്ദു റബ്ബോ, സാധാരണക്കാരുമായി യാതൊരു ബന്ധവുമില്ലാതെ അവരെ പേടിച്ച് സെക്യൂരിറ്റിയുമായി നടക്കുന്ന ആൾ. മാസല്ലേ. പോസ്റ്റ് റെഡി. പക്ഷേ സ്വന്തം പേജിൽ ഇട്ടാൽ അണ്ണൻ സ്വയം പൊങ്ങി ആണെന്ന് എല്ലാവരും കരുതില്ലേ, അതുകൊണ്ട് നമ്മൾ കടന്നലുകൾ അവരുടെ പ്രൊഫൈലിലും പേജിലും ഈ ഫോട്ടോയും പോസ്റ്റും ഇട്ട് നിറക്കണം. സോഷ്യൽ മീഡിയ വാളുകൾ അണ്ണന്റെ സ്നേഹം കൊണ്ട് നിറയണം.
അങ്ങനെ പോസ്റ്റുകൾ പറന്നു. പക്ഷേ ഇനി ഒരു പ്രശ്നം കൂടിയുണ്ട്. കാരണം അണ്ണൻ തന്റെ ജനകീയത വെളിവാക്കാൻ താൻ കുട്ടികളുടെ ഇടയിൽ വരെ ഐസ്ക്രീം കഴിക്കുന്ന ആളാണെന്ന് കാണിക്കുകയും അബ്ദു റബ്ബ് ജനങ്ങളിൽ നിന്നും അകലെയാണെന്ന് കാണിക്കാൻ സെക്യൂരിറ്റിയുടെ കനം കാണിക്കുകയും ചെയ്യുമ്പോൾ ആരെങ്കിലും മുൻ മുഖ്യമന്ത്രിമാർ, അത് ഇടതോ വലതോ ആവട്ടെ, എങ്ങനെയാണ് സഞ്ചരിച്ചിരുന്നതെന്നും ഇപ്പോഴത്തെ മുഖ്യൻ അണ്ണന്റെ സ്വന്തം മുതലാളി പിണറായി വിജയൻ എത്ര പാരാവാരമായിട്ടാണ് പോകുന്നതെന്നും കാണിച്ച് ഇത് ജനകീയത കുറഞ്ഞതുകൊണ്ടാണോ അണ്ണാ എന്ന് ചോദിച്ചാലോ. അണ്ണൻ പെട്ട്. സ്വന്തം ഇമേജ് ബിൽഡപ്പ് ചെയ്യാൻ നോക്കുന്നതിനിടയിൽ മുഖ്യനിട്ടാണ് പണികൊടുക്കുന്നതെന്നറിയാൻ മാത്രം വിവേകമുള്ളവരൊന്നും ഈ പാർട്ടിയിലില്ലെടേയ്.
എന്തായാലും ഈ പോസ്റ്റുകളും എയറിലേക്ക് തന്നെയാണ് അണ്ണനെ ഇട്ടുകൊടുത്തിരിക്കുന്നത്. . എന്റെ അണ്ണാ ഇങ്ങനെ വിവരമില്ലാത്ത കുട്ടിക്കടന്നലുകളെ മാത്രം വിശ്വസിച്ച് നിന്നാൽ എയറിൽ നിന്നിറങ്ങാൻ നേരമുണ്ടാവില്ല. വിവരമില്ലാത്തവരാണ്. ബോധമില്ലാത്തവരാണ്. ഇങ്ങനെ അഴിച്ചു വിട്ടാൽ അവസാനം മുഖ്യന്റെ കൈയിൽ നിന്നു വരെ വാങ്ങിക്കൂട്ടേണ്ടി വരും. മഴിവിൽ കാവടി സിനിമയിലെ പറവൂർ ഭരതന്റെ പോലെ നിന്നു കരയാനേ നേരം കാണൂ.












































