വാഷിങ്ടൻ: ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പ്രസംഗിക്കാനെത്തിയ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇവിടെയെത്തിയതിൽ പിന്നെ താൻ 3 ദുരൂഹസംഭവങ്ങൾ നേരിടേണ്ടി വന്നു. അതുകൊണ്ടുതന്നെ തനിക്കെതിരെ ഐക്യരാഷ്ട്ര സംഘടനയിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അട്ടിമറി നീക്കമാണെന്നും ട്രംപ് ആരോപിച്ചു.
ഐക്യരാഷ്ട്ര സംഘടനയിലത്തിയ തനിക്ക് ഒരേ ദിവസം മൂന്ന് അപകടങ്ങൾ സംഭവിച്ചതിൽ താൻ അസ്വസ്ഥനാണെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ആദ്യ സംഭവം എസ്കലേറ്ററിൽ വച്ചായിരുന്നു, താനും ഭാര്യയും മുകളിലേക്ക് പോകുന്നതിനിടെ എസ്കലേറ്റർ നിലച്ചു. ഇത് തികച്ചും ഒരു അട്ടിമറി നീക്കമാണ്. തുടർന്ന് താൻ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റർ തകരാറിലായെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മൂന്നാമതായി താൻ നടത്തിയ പ്രസംഗം ഭാര്യ മെലാനിയ ഉൾപ്പെടെ പലർക്കും കേൾക്കാൻ സാധിച്ചില്ലെന്നും ഇയർപീസുകളിൽ തകരാർ ഉണ്ടായതായും ട്രംപ് ആരോപിച്ചു. ഈ അട്ടിമറിക്കു ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം ട്രംപിന്റെ ആരോപണങ്ങൾ യുഎൻ അധികൃതർ നിഷേധിച്ചു. എസ്കലേറ്റർ നിൽക്കാൻ കാരണം ട്രംപിന്റെ സംഘത്തിലെ വീഡിയോഗ്രാഫർ എമർജൻസി സ്വിച്ച് അമർത്തിയതിനാലാണെന്ന് യുഎൻ ഉദ്യോഗസ്ഥർ പറയുന്നു. രണ്ടാമത്തെ ടെലിപ്രോംപ്റ്റർ പ്രവർത്തിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഐക്യരാഷ്ട്ര സംഘടനയ്ക്കല്ലെന്നും യുഎസ് അധികൃതർ നേരിട്ടാണ് അത് ചെയ്തിരുന്നതെന്നും യുഎൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ പ്രസംഗം കേൾക്കുന്ന ഇയർപീസുകളിലെ തകരാറിനെ കുറിച്ച് യുഎൻ അധികൃതർ മറുപടി നൽകിയിട്ടില്ല. പക്ഷെ യുഎസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
‘‘സംഭവിച്ചതൊന്നും യാദൃശ്ചികമല്ല, ഇത് യുഎന്നിൽ നടന്ന മൂന്ന് അട്ടിമറിയാണ്. അവർ സ്വയം ലജ്ജിക്കണം. ഈ കത്തിന്റെ ഒരു പകർപ്പ് ഞാൻ സെക്രട്ടറി ജനറലിന് അയയ്ക്കുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണം ഞാൻ ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസംഘടനയ്ക്ക് അവരെ ഏൽപ്പിച്ച ജോലി ചെയ്യാൻ കഴിയാത്തതിൽ വലിയ അതിശയമൊന്നുമില്ല. എസ്‌കലേറ്ററിന് സമീപത്തെ എല്ലാ സിസിടിവി ടേപ്പുകളും സംരക്ഷിക്കണം. സീക്രട്ട് സർവീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.