ന്യൂഡൽഹി: ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ 52കാരന്‍ മൂന്നുദിവസത്തിനു ശേഷം അറസ്റ്റിൽ. ഒപ്പം ജോലി ചെയ്യുന്നയാളുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഡൽഹി സീലംപുർ സ്വദേശിയായ സലിം 45-കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ കടന്നുകളയുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സലിമിന്റെ ഭാര്യയെ രക്തത്തിൽ കുളിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്.
തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പ്രതിയായ സലിമിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുകയും ചെയ്തു. ആദ്യം ഡൽഹിയിലെ ആനന്ദ് വിഹാറിലും പിന്നീട് യുപിയിലെ മൊറാദാബാദ്, റാംപുർ, ബറേലി, ഷാജഹാൻപുർ, ലഖ്‌നൗ തുടങ്ങിയിടങ്ങളിലും സലിം പോയിരുന്നു. ശേഷം മൊറാദാബാദിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ അവിടുത്തെ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. തുണി നിർമാണശാലയിലെ ജീവനക്കാരിയായിരുന്നു ഭാര്യ.
അവർക്ക് അവിടെ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും സലിം, പോലീസിനോട് പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. വ്യാഴാഴ്ചയും വിഷയയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ സലിം, കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തിവീഴ്ത്തുകയും സ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു.


















































