വാഷിങ്ടൺ: മൈക്രോസോഫ്റ്റ് ആഗോളതലത്തിൽ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചു. ഏകദേശം 4,800 തൊഴിലാളികളെ ബാധിക്കുന്ന തരത്തിലാണ് പുതിയ പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ഇത് കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ ഏകദേശം 2% വരും. വിപുലമായ പുനഃസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനം എടുത്തത്, ഇതു ഏറ്റവും കൂടുതൽ ബാധിക്കപ്പെടുക കമ്പനിയുടെ ഗെയിമിംഗ് വിഭാഗമായ എക്സ്ബോക്സ് ബിസിനസായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഈ മാറ്റങ്ങൾ അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പാക്കും.
എക്സ്ബോക്സ് ഗെയിമിംഗ് വിഭാഗത്തിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ പുനഃസംഘടനയാണിതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ യുഎസിലെ ഏകദേശം 9,000 തൊഴിലാളികൾക്ക് സ്വമേധയാ വിരമിക്കൽ പാക്കേജുകൾ കമ്പനി നൽകിയിരുന്നു. ഓരോ സാമ്പത്തിക വർഷത്തിന്റെ അവസാനം ചെലവു കണക്കുകൾ നിശ്ചയിക്കുന്ന സമയത്ത് ജീവനക്കാരുടെ എണ്ണം വിലയിരുത്തുന്നതും മൈക്രോസോഫ്റ്റിന്റെ പതിവാണ്.
കൃത്രിമ ബുദ്ധിയിലുള്ള (Ai) ശക്തമായ ആവശ്യകത മൂലം അസ്യൂർ ക്ലൗഡ് ബിസിനസിന് വളർച്ച തുടർന്നുകൊണ്ടിരിക്കുമ്പോഴും, അതിനായി ആവശ്യമായ ഡാറ്റ സെന്ററുകളുടെ വൻ നിക്ഷേപം കമ്പനിയുടെ പണപ്പെരുമാറ്റത്തിൽ സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. ഏപ്രിൽ വരെ ഓപ്പൺ എഐയുടെ മോഡലുകളുടെ ഏക സേവനദാതാവായിരുന്നു അസ്യൂർ. ഈ മാസം അവസാനത്തോടെ പുറത്തുവരാനിരിക്കുന്ന ക്വാർട്ടർ ഫലങ്ങളിൽ അസ്യൂർ വരുമാനം വാൾ സ്ട്രീറ്റ് പ്രതീക്ഷകളെ മറികടക്കുമെന്നാണു കമ്പനി മുൻകൂട്ടി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം 2026 സാമ്പത്തിക വർഷത്തിനായി 190 ബില്യൺ ഡോളറിന്റെ മൂലധന ചെലവ് പദ്ധതിയും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ഇത് വിപണി പ്രതീക്ഷകളെക്കാൾ വളരെ കൂടുതലാണ്. കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ സാധാരണ ഓഫീസ് ജോലികളെ സ്വയം നിർവഹിക്കാൻ തുടങ്ങുന്നതോടെ സോഫ്റ്റ് വെയർ ബിസിനസിലും വെല്ലുവിളികൾ ഉയർന്നിട്ടുണ്ട്. കൂടാതെ ഡാറ്റ സെന്ററുകളുടെ ആവശ്യകത വർധിച്ചതിനെ തുടർന്ന് മെമ്മറി ചിപ്പ് വില ഉയർന്നതും എക്സ്ബോക്സ് കൺസോളുകളുടെ നിർമ്മാണ ചെലവ് വർധിക്കാൻ കാരണമായി. ഇതിനിടെ തന്നെ ആവശ്യകത കുറഞ്ഞ സാഹചര്യത്തിലും കമ്പനി എക്സ്ബോക്സ് കൺസോളുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം എക്സ്ബോക്സ് വിഭാഗം മേധാവി ആശാ ശർമ, ബിസിനസിന് ഒരു ‘റീ സെറ്റ്’ അനിവാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു. ലാഭ വിഹിതം മൂന്നു ശതമാനമായി കുറഞ്ഞതിനാൽ പുനഃസംഘടന ഒഴിവാക്കാനാകില്ലെന്നും, ലയനങ്ങൾക്കും ഏറ്റെടുക്കലുകൾക്കും സാധ്യത തുറന്നുവെക്കുന്നതായും അവർ അറിയിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആക്ടിവിഷൻ ബ്ലിസാർഡ് കിംഗ് ഒഴിവാക്കി ഉള്ളടക്കം, പ്ലാറ്റ്ഫോം, ഹാർഡ്വെയർ സബ്സിഡി എന്നിവയ്ക്കായി 20 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടും വാർഷിക വരുമാനം ഏകദേശം അര ബില്യൺ ഡോളർ കുറഞ്ഞതായി അവർ ജീവനക്കാരോട് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഇത്തരത്തിലുള്ള സ്ഥിതി ഇനി തുടരാനാകില്ലെന്നും അവർ വ്യക്തമാക്കി.

















































