ആന്ധ്ര: ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിൽ ഭാര്യ ഭർത്താവിന് നേരെ ആസിഡ് ഒഴിച്ചു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്മിഡിവരം മണ്ഡലത്തിലെ തനെലങ്ക ഗ്രാമത്തിലാണ് സംഭവം നടന്നത്. പുലപാകുറി അർജുൻ കുമാർ എന്നയാളാണ് ഭാര്യയുടെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്.
റിപ്പോർട്ടുകൾ പ്രകാരം, അർജുൻ കുമാറിന്റെ ഭാര്യ ദുർഗ്ഗ ഭവാനി ഒരു ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ നഴ്സായി ജോലി ചെയ്ത് വരികയാണ്. സ്ഥിരം ജോലി നേടിക്കൊടുക്കാമെന്ന വാഗ്ദാനത്തോടെ അർജുൻ കുമാറിന്റെ ബന്ധുക്കൾ ദുർഗ്ഗ ഭവാനിയിൽ നിന്ന് പണം വാങ്ങി. പിന്നീട് ആ വാഗ്ദാനം പാലിച്ചില്ലെന്നു മാത്രമല്ല പറ്റിക്കുകയും ചെയ്തു. ഇതോടെ ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതെന്നും പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്നൊരു തർക്കത്തിനിടെ കലികയറിയ ദുർഗ്ഗ ഭവാനി അർജുൻ കുമാറിന് നേരെ ആസിഡ് ഒഴിച്ചുവെന്നാണ് ആരോപണം. ആക്രമണത്തിൽ അർജുൻ കുമാറിന് ഗുരുതരമായി പൊള്ളലേറ്റു. അർജുൻ കുമാറിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. ദുർഗ്ഗ ഭവാനിയെ ചോദ്യം ചെയ്ത പോലീസ്, ആക്രമണത്തിന് ഉപയോഗിച്ച ആസിഡിന്റെ ഉറവിടവും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.


















































