സംഭാൽ: അവിഹിതം ചോദ്യം ചെയ്തതിന്റെ പേരിൽ ഉറങ്ങിക്കിടന്ന ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം. ആസിഡ് ആക്രമണത്തിൽ യുവാവിന്റെ മുഖം വികൃതമാവുകയും ഇരു കണ്ണുകളുടെയും കാഴ്ച്ച ശക്തി നഷ്ടമാവുകയും ചെയ്തിരുന്നു.
ഈ കേസിൽ യുവതിക്ക് ജീവപര്യന്തം തടവും 1.75 ലക്ഷം രൂപ പിഴയുമാണ് അതിവേഗ കോടതി വിധിച്ചത്. കഹ്കാൻഷ എന്ന മുപ്പതുകാരിയെയാണ് കോടതി ശിക്ഷിച്ചത്. മെയ് 27-നാണ് ചന്ദൗസിയിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഗോപാൽ ജി കഹ്കാൻഷ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.
കഴിഞ്ഞ വർഷം മാർച്ച് ഏഴിന് നഖാസ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. യുവതി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവ് മുഫസറിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് കേസ്. ആസിഡ് ദേഹത്തുവീണതോടെ അലറിക്കരഞ്ഞുകൊണ്ട് മുസാഫർ എഴുന്നേറ്റ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതി വീണ്ടും ആസിഡ് ഒഴിച്ചു. ഈ ആക്രമണത്തിൽ യുവാവിന്റെ മുഖം പൂർണ്ണമായും വികൃതമാവുകയും രണ്ട് കണ്ണുകളുടെയും കാഴ്ച്ച നഷ്ടപ്പെടുകയുമായിരുന്നു.
അതേസമയം യുവതിയുടെ വിവാഹേതര ബന്ധം സംബന്ധിച്ച് ഇരുവർക്കും ഇടയിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു. ഇതോടെയാണ് യുവതി കൊലപാതക ശ്രമം നടത്തിയത്.


















































