മഞ്ചേരി: പകൽ വീടിനകത്ത് കയറിയ കാട്ടുപന്നിയിൽ നിന്ന് പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ പത്തരയോടെ മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലാണ് കാട്ടുപന്നി കയറിയത്. വീട്ടിലുള്ളവർ അടുക്കളഭാഗത്ത് സംസാരിച്ചുകൊണ്ടിരിക്കെ റോഡിലൂടെ കടന്നു വന്ന കാട്ടുപന്നി വീടിനകത്തേക്ക് കയറുകയായിരുന്നു. ഈ സമയം അലവിയുടെ മകൻ ഫവാസിൻറെ രണ്ടരവയസുകാരിയായ മകൾ കട്ടിലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ മുറിയിലേക്കാണ് കാട്ടുപന്നി കയറിയത്.
ഉടൻ ഫവാസിൻറെ അമ്മാവനായ അബ്ദുൾ ഹക്കീം കുഞ്ഞിനെ പുറത്തേക്കെടുക്കുകയും വാതിൽ പുറത്തു നിന്ന് അടയ്ക്കുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ നാട്ടുകാരെ വിളിച്ചുകൂട്ടുകയും വാർഡ് കൗൺസിലർ പി. ഷംസിയ മഞ്ചേരി നഗരസഭാധികൃതരെ വിവരമറിയിക്കുകയും ചെയ്തു.
നഗരസഭാ അധികൃതരുടെ നിർദേശത്തിൻറെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ സാലിം മഞ്ചേരി ഷൂട്ടർമാരെ വിവരമറിയിച്ചു. ഷൂട്ടർമാരായ കെ.വി. ഇല്യാസ് ബാബു ആനക്കയം, കെ.വി. നൗഷാദ് എന്നിവർ സ്ഥലത്തെത്തി ജനൽപാളി തുറന്ന് മുറിക്കകത്തുള്ള പന്നിയെ വെടിവച്ചു കൊന്നു. നാട്ടുകാർ ചേർന്ന് പുറത്തെടുത്ത ജഡം കുഴിച്ചു മൂടി.



















































