തിരുവനന്തപുരം: മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതി, കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ നിർണായക സാക്ഷിമൊഴി. അപകടത്തിനു തൊട്ടുപിന്നാലെ ശ്രീറാമിനെ കണ്ടപ്പോൾ അയാളുടെ കൈകളിൽ രക്തം പുരണ്ടിരുന്നതായി പിഡബ്ല്യുഡി ഓഫിസ് വാച്ച്മാനും കേസിലെ അഞ്ചാം സാക്ഷിയുമായ മിഥുൻ തോമസ് തിരുവനന്തപുരം നാലാം അഡിഷനൽ സെഷൻസ് കോടതിയിൽ മൊഴി നൽകി.
സംഭവത്തെ കുറിച്ചു മിഥുൻ പറഞ്ഞതിങ്ങനെ- അപകട ദിവസം താനും സുഹൃത്ത് അനിൽകുമാറുമാണ് പിഡബ്ല്യുഡി ഓഫിസിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. കാർ ഇടിക്കുന്നതു നേരിട്ട് കണ്ടില്ലെങ്കിലും വാഹനം അപകടത്തിൽപ്പെട്ടു കിടക്കുന്നത് കണ്ടു. ആ സമയത്ത് ശ്രീറാമിനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. അയാളെ കാണുമ്പോൾ കൈകളിൽ രക്തം പുരണ്ടിരുന്നു. പിറ്റേന്നു മാധ്യമങ്ങളിലൂടെയാണ് അപകടത്തിൽ കൊല്ലപ്പെട്ടതു മാധ്യമപ്രവർത്തകൻ കെ. എം. ബഷീറാണെന്ന് അറിഞ്ഞതെന്നും സാക്ഷി കോടതിയെ അറിയിച്ചു. കേസിൽ നാലാം സാക്ഷിയായ അനിൽകുമാർ നേരത്തെ തന്നെ കോടതിയിൽ മൊഴി നൽകിയിരുന്നു.
അതേസമയം കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണു ചുമത്തിയിട്ടുളളത്. 2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീർ മരിച്ചത്. കേസിൽ രണ്ടാം പ്രതിയായിരുന്ന വഫയെ കോടതി കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് ഹാജരായി.






