കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണ(26)യെ കാണാതായ സംഭവത്തിൽ പ്രതിഷേധവുമായി യുവാവിന്റെ മാതാവ് രേഷ്മ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ. തനിക്കു നീതി ലഭിച്ചില്ലെങ്കിൽ പ്രതിഷേധത്തിൽനിന്നു പിന്മാറില്ലെന്നും വെള്ളം പോലും കുടിക്കില്ലെന്നും പറഞ്ഞാണ് രേഷ്മ പോലീസ് സ്റ്റേഷനു മുന്നിലിരുന്നു പ്രതിഷേധിച്ചത്. അതേസമയം രേഷ്മയുമായി കൊല്ലം എസിപി ചർച്ച നടത്തുകയാണിപ്പോൾ.
ശക്തമായ തിരയിൽപ്പെട്ട് നീണ്ടകര അഴിമുഖത്ത് മീൻപിടിത്ത വള്ളം മറിഞ്ഞു അപകടമുണ്ടായത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ഗൗതംകൃഷ്ണയോടൊപ്പം അപകടത്തിൽപ്പെട്ട പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണ (47), രാധാകൃഷ്ണന്റെ ഭാര്യാപിതാവ് നീണ്ടകര പുത്തൻതുറ പൂമുഖത്ത് രാജീവൻ (76) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ ആറോടെ ഗൗതംകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണഭഗവാൻ എന്ന വള്ളമാണ് മുങ്ങിയത്. വ്യാഴാഴ്ച രാവിലെ പുത്തൻതുറയിൽനിന്ന് 14 പേരുമായാണ് വള്ളം മീൻപിടിത്തത്തിനായി പുറപ്പെട്ടത്. നീണ്ടകര അഴിമുഖത്തെത്തിയപ്പോൾ ഉയർന്നുപൊങ്ങിയ വലിയ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
തൊട്ടുമുന്നിൽപ്പോയ വള്ളങ്ങളിലുണ്ടായിരുന്നവർ ഉടൻതന്നെ തിരിച്ചെത്തി വള്ളത്തിലുണ്ടായിരുന്ന മറുനാടൻതൊഴിലാളികൾ ഉൾപ്പെടെ 11 പേരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി. തുടർന്ന് ഇവരെ മറ്റ് വള്ളങ്ങളിൽകയറ്റി കരയ്ക്കെത്തിച്ചു. വള്ളത്തിലേക്കു കയറ്റുമ്പോൾത്തന്നെ രാജീവൻ മരിച്ചിരുന്നു.



















































