കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽപ്രളയത്തിൽ നൂറുകണക്കിന് പേർ മരിക്കുകയും നിരവധി വിദേശ പൗരന്മാരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിൽ തിരച്ചിൽ- രക്ഷാപ്രവർത്തനങ്ങൾക്ക് വിദേശ രാജ്യങ്ങളുടെ സഹായം ഇപ്പോൾ ആവശ്യമില്ലെന്ന് നേപ്പാൾ. രക്ഷാപ്രവർത്തനങ്ങൾ സ്വന്തം സുരക്ഷാ ഏജൻസികൾ കാര്യക്ഷമമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൈനീസ് അതിർത്തിയോട് ചേർന്ന റസുവ ജില്ല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പ്രളയം കനത്ത നാശം വിതച്ചത്. നിരവധി പട്ടണങ്ങൾ പൂർണമായും തകർന്നു. ജലവൈദ്യുത പദ്ധതികൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. പ്രളയത്തിൽ 500ഓളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. വിദേശ പൗരന്മാരടക്കം നൂറുകണക്കിന് പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്.
ഇതിനിടെ ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി വിദേശ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിലവിൽ വിദേശ തിരച്ചിൽ- രക്ഷാ സംഘങ്ങളുടെ സഹായം ആവശ്യമില്ലെന്നാണ് നേപ്പാളിന്റെ നിലപാട്. “സഹായിക്കാനുള്ള വാഗ്ദാനം സ്വാഭാവികമാണ്. ഞങ്ങളുടെ സുരക്ഷാ ഏജൻസികളാണ് തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും നടത്തുന്നത്. നിലവിൽ ഇത്തരം സഹായം ഞങ്ങൾക്ക് ആവശ്യമില്ല,” നേപ്പാൾ വിദേശകാര്യ മന്ത്രാലയ വക്താവ് ലോക് ബഹാദൂർ ഛേത്രി പറഞ്ഞു.
വിദേശ രക്ഷാസംഘങ്ങളെ ഇപ്പോൾ അനുവദിക്കാൻ പദ്ധതിയില്ലെന്ന് നേപ്പാൾ അറിയിച്ചതായി ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. വിഷയത്തിൽ നേപ്പാളുമായി ചർച്ചകൾ തുടരുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. ദുരന്തബാധിതർക്കായി അന്താരാഷ്ട്ര സംഘടനകൾ വഴി ഒരു മില്യൺ ഡോളറിന്റെ മാനുഷിക സഹായം നൽകുമെന്ന് ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിട്ടുണ്ട്. നേപ്പാളിലെ ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന ഒൻപത് ദക്ഷിണ കൊറിയൻ പൗരന്മാരെ കാണാതായതായും പത്ത് പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും ദക്ഷിണ കൊറിയ നേരത്തെ അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഒരു പ്രതികരണ സംഘത്തെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ ദുരന്തനിവാരണ സംഘത്തെ അയയ്ക്കുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു.
അതേസമയം, റസുവ ജില്ല ചൈനയുടെ ടിബറ്റ് മേഖലയോട് ചേർന്നുള്ള തന്ത്രപ്രധാന പ്രദേശമായതിനാലാകാം നേപ്പാൾ വിദേശ രക്ഷാസംഘങ്ങളെ അനുവദിക്കാൻ മടിക്കുന്നതെന്ന വിലയിരുത്തലുകളും ഉയർന്നിട്ടുണ്ട്. ജനീവയിലെ മുൻ നേപ്പാൾ യുഎൻ അംബാസഡർ ദിനേശ് ഭട്ടറായിയാണ് ഇത്തരമൊരു സാധ്യത ചൂണ്ടിക്കാട്ടിയത്. എന്നാൽ വിദേശ രക്ഷാസംഘങ്ങളുടെ സഹായം നിരസിച്ചതിന് ചൈനയുടെ തന്ത്രപ്രധാന പരിഗണനകളുമായി ബന്ധമില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. നേപ്പാളിന്റെ സ്വന്തം രക്ഷാസംഘങ്ങൾ നിലവിൽ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, ചൈന, അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ തിരച്ചിൽ-രക്ഷാ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് അയയ്ക്കാൻ അനുവദിക്കണമെന്ന് നേപ്പാൾ സർക്കാരിനോട് ആവശ്യപ്പെട്ടതായി ‘കാഠ്മണ്ഡു പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തിൽ ഇപ്പോൾ നേപ്പാൾ സർക്കാർ സ്വന്തം രക്ഷാസംവിധാനങ്ങളിൽ തന്നെ ആശ്രയിക്കുകയാണ്.






