കാൺപൂർ: സഹോദരന്റെ കയ്യിൽ രക്ഷാബന്ധൻ കെട്ടാനൊരുങ്ങുന്നതിനിടെ മണ്ണിടിഞ്ഞ് ഉപയോഗശൂന്യമായ കുഴൽക്കിണറിൽ വീണ് 16കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാൺപൂരിൽ വെള്ളിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് മണ്ണിട്ട് മൂടിയിരുന്ന പഴയ കുഴൽക്കിണറിന് മുകളിലൂടെ നിൽക്കുകയായിരുന്ന പെൺകുട്ടി മണ്ണ് ഇടിഞ്ഞതിനെ തുടർന്ന് കുഴിയിലേക്ക് വീഴുകയായിരുന്നു. പെൺകുട്ടിയെ ജീവനോടെ രക്ഷപ്പെടുത്താൻ എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ് സംഘങ്ങൾ മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
കാൺപൂർ ജില്ലയിലെ മഹാരാജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുരവാമിർ ഗ്രാമത്തിലാണ് സംഭവം നടന്നത്. രാവിലെ 6.40ഓടെയായിരുന്നു അപകടം. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയാണ് പ്രദേശം. സഹോദരന് രക്ഷാബന്ധൻ കെട്ടാനായി വീട്ടുമുറ്റത്ത് എത്തിയതായിരുന്നു 16കാരിയായ ചുട്കി ശർമ. സഹോദരനുമായി ആശംസകൾ കൈമാറുന്നതിനിടെ കുഴൽക്കിണർ മൂടിയിരുന്ന മണ്ണിന് മുകളിലാണ് പെൺകുട്ടി നിന്നിരുന്നത്. രാഖി കെട്ടാനായി കൈ നീട്ടുന്നതിനിടെ പെട്ടെന്ന് മണ്ണ് ഇടിഞ്ഞതോടെ പെൺകുട്ടി കുഴിയിലേക്ക് പതിക്കുകയായിരുന്നു.
ഏകദേശം 20 അടി താഴ്ചയിലേക്കാണ് പെൺകുട്ടി വീണതെന്ന് കാൺപൂർ പോലീസ് കമ്മീഷണർ രഘുബീർ ലാൽ അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ് സംഘങ്ങളെ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചതായും പെൺകുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, ഫയർഫോഴ്സ് എന്നിവയിൽ നിന്നായി അറുപതോളം ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. പെൺകുട്ടിയിലേക്ക് എത്തുന്നതിനായി കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്തു. എക്സ്കവേറ്ററുകളുടെ സഹായത്തോടെയാണ് മണ്ണ് നീക്കം ചെയ്തത്. എക്സ്കവേറ്ററുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി. പുറത്തെടുത്ത ശേഷം ചുട്കിയെ സർസൗൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം ഏകദേശം മൂന്ന് വർഷം മുമ്പാണ് കുടുംബം വീട്ടുമുറ്റത്ത് കുഴൽക്കിണർ കുഴിക്കാൻ ആരംഭിച്ചത്. എന്നാൽ ജോലി പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ അത് ഉപേക്ഷിക്കുകയും മണ്ണിട്ട് മൂടുകയും ചെയ്തു. പിന്നീട് വീട്ടിലെ മറ്റൊരു ഭാഗത്ത് രണ്ടാമത്തെ കുഴൽക്കിണർ കുഴിച്ചതായും കുടുംബം പറഞ്ഞു. ഉപേക്ഷിച്ച കുഴൽക്കിണർ മണ്ണിനടിയിൽ ദുർബലമായ ഭാഗം സൃഷ്ടിച്ചിരിക്കാമെന്നും അടുത്തിടെയുണ്ടായ ശക്തമായ മഴയെ തുടർന്ന് മണ്ണ് കൂടുതൽ ദുർബലമായതാകാം അപകടത്തിന് കാരണമെന്നും കുടുംബം സംശയിക്കുന്നു.






