കൊച്ചി: കേരളത്തിലെ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ. മഴ പെയ്തുതുടങ്ങിയാൽ കേരളത്തിലെ നഗരങ്ങളിൽ പോലും വെള്ളപ്പൊക്കം പതിവാകുന്ന സാഹചര്യമാണ്. കൃത്യമായ ഇടവേളകളിൽ കേരളത്തിലെ നദികളിൽ മണൽ നീക്കം നടക്കുന്നില്ല. ഇതിന് കോടതികളാണ് തടസമെങ്കിൽ കോടതികളെ കാര്യം ബോധ്യപ്പെടുത്തണമെന്നും പരിസ്ഥിതി ഭ്രാന്തന്മാരാകരുതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് വെള്ളപ്പൊക്കങ്ങൾക്കും കാരണം. നദികളിലെ ആഴം കൂട്ടിയില്ലെങ്കിൽ ഈ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും. നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാർ ആകാൻ പാടില്ല. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും നമ്മൾ ഉറപ്പുവരുത്തണം. നദികളുടെ ആഴം കൂട്ടേണ്ട എന്ന് വാദിക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും എന്ന് ചോദിക്കണം. നമ്മുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തെ മഴയാണ് ഇപ്പോൾ പെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദിദ്വിന സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതിക്ക് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകി. നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി കൊച്ചിയിൽ എത്തിയത്. ഗവർണർ രാജേന്ദ്ര ആർലേകർ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺതുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഉപരാഷ്ട്രപതി ആലപ്പുഴയിലേക്ക് പോയി. തിരുവനന്തപുരത്തും കൊച്ചിയിലും ലക്ഷദ്വീപിലും അടക്കമുള്ള പരിപാടികളിൽ ഉപരാഷ്ട്രപതി പങ്കെടുക്കും.






