അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തം തലയിൽ ഒരിക്കൽ കൂടി ഉറപ്പിച്ച് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. ഈ സീസണിൽ 16 മത്സരങ്ങളിൽ വൈഭവ് ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറികളും ഉൾപ്പടെ 776 റൺസാണു ഈ 15 കാരൻ നേടിയത്. 103 ആണ് താരത്തിന്റെ സീസണിലെ ഉയർന്ന സ്കോർ.
ഇന്ന് ഫൈനലിൽ ആർസിബിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സായ് സുദർശനും ചെറിയ സ്കോറുകൾക്കു പുറത്തായി. അതേസമയം ഐപിഎൽ ഓറഞ്ച് ക്യാപ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എട്ടു പന്തിൽ 10 റൺസും സായ് സുദർശൻ 12 പന്തിൽ 12 റൺസും എടുത്താണു പുറത്തായത്.
ടോപ് സ്കോറർമാരിൽ രണ്ടാമനായ ഗില്ലിന് 16 കളികളിൽനിന്ന് 732 റൺസാണുള്ളത്. സായ് സുദർശന് 17 കളികളിൽനിന്ന് 722 റൺസുണ്ട്. അതേസമയം കരിയറിൽ വെറും രണ്ട് സീസണുകൾ മാത്രം കളിച്ച കൗമാര താരം 72 സിക്സുകളും 63 ഫോറുകളും താരം ബൗണ്ടറി കടത്തി ഐപിഎല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരവുമായി. 14 വർഷമായി കൊണ്ടുനടന്ന ക്രിസ് ഗെയ്ലിന്റെ റെക്കോർഡാണ് താരം മറികടന്നത്.
2025 സീസൺ പകുതി പിന്നിട്ട് സഞ്ജുവിന് പരുക്കേറ്റതോടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഏഴു കളികളിൽനിന്ന് ഒരു സെഞ്ചുറിയും അർധ സെഞ്ചുറിയുമുൾപ്പടെ 252 റൺസ് താരം അടിച്ചെടുത്തു. പിന്നീട് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിട്ടതോടെ വൈഭവ്– ജയ്സ്വാൾ ഓപ്പണിങ് സഖ്യം രാജസ്ഥാന്റെ മുന്നണി പോരാളികളായി മാറി.രാജസ്ഥാൻ റോയൽസ് ഫൈനൽ കാണാതെ പുറത്തായെങ്കിലും, അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പോരാട്ടം കാണാൻ വൈഭവ് എത്തിയിരുന്നു. ഐസിസി തലവൻ ജയ്ഷായ്ക്കൊപ്പമായിരുന്നു വൈഭവിന് ഇരിപ്പിടം. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴു വിക്കറ്റ് തോൽവി വഴങ്ങിയതോടെയാണ് രാജസ്ഥാൻ ഫൈനൽ കാണാതെ പുറത്തായത്. കഴിഞ്ഞ കളിയിൽ വൈഭവ് 96 റൺസാണ് അടിച്ചെടുത്തത്.
















































