വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന ചർച്ചകളിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) ഇൻസ്പെക്ടർമാർക്ക് വീണ്ടും പ്രവേശനം അനുവദിക്കാൻ ഇറാൻ സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു.
ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചുപൂട്ടുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്ന് ചർച്ചകൾ പ്രതിസന്ധിയിലായിരുന്നുവെങ്കിലും, സ്വിറ്റ്സർലൻഡിൽ നടന്ന കൂടിക്കാഴ്ചകൾ അനുകൂലമായ രീതിയിൽ മുന്നോട്ടുപോയതായി വാൻസ് പറഞ്ഞു. തുടക്കത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് കാര്യമായ പുരോഗതി കൈവരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎഇഎ ഇൻസ്പെക്ടർമാരെ തിരിച്ചുപ്രവേശിപ്പിക്കാനുള്ള ഇറാന്റെ തീരുമാനം അമേരിക്കയെ സംബന്ധിച്ച് നിർണായക മുന്നേറ്റമാണെന്ന് വാൻസ് വിലയിരുത്തി. ഇറാന്റെ ആണവ പദ്ധതികൾക്ക് മേൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും മേഖലയിലെ സംഘർഷസാധ്യത കുറയ്ക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തിമ കരാറിലേക്ക് എത്താൻ ഇനിയും നിരവധി വിഷയങ്ങളിൽ ധാരണയാകേണ്ടതുണ്ടെന്ന് വാൻസ് ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതും അന്താരാഷ്ട്ര കപ്പൽഗതാഗതം പൂർണമായി പുനഃസ്ഥാപിക്കുന്നതും അതിൽ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ജാരെഡ് കുഷ്നറും ഖത്തറും ചേർന്ന് ഒരു പുതിയ നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും വാൻസ് വെളിപ്പെടുത്തി. ആസ്തികൾ അൺഫ്രീസ് ചെയ്യുന്ന നടപടികളിൽ അമേരിക്കയ്ക്ക് മേൽനോട്ടമുണ്ടാകുമെന്നും, ലഭ്യമാകുന്ന തുക മനുഷ്യാവശ്യങ്ങൾക്കും ഭക്ഷ്യസുരക്ഷാ പദ്ധതികൾക്കുമായി വിനിയോഗിക്കാനാണ് ആലോചനയെന്നും അദ്ദേഹം വിശദീകരിച്ചു.















































