തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും മഴക്കെടുതിയും തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകിയ മുന്നറിയിപ്പ് പോലും പരിശോധിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് ഗോവിന്ദൻ ആരോപിച്ചു.
അധികാരത്തിലെത്തി മൂന്ന് മാസം തികയുന്നതിനുമുമ്പ് തന്നെ കേരളത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനോ പരിഹരിക്കാനോ തങ്ങൾക്ക് കഴിയില്ലെന്ന തരത്തിലുള്ള നിലപാടുകളാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരിൽനിന്ന് കേൾക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളിൽ യഥോചിത ഇടപെടൽ നടത്താൻ സർക്കാരിന് കഴിയുന്നില്ലെന്ന് ഭരണകക്ഷിയിലുൾപ്പെടെയുള്ളവർക്ക് പറയേണ്ടി വന്നിരിക്കുന്നു.ഞങ്ങളടെ ഭരണകാലത്ത് സർക്കാർ ഔദ്യോഗിക സംവിധാനങ്ങളിലൂടെയും സന്നദ്ധ പ്രവർത്തകരടക്കമുള്ളവരുടെയും ഒപ്പം നിന്ന് ദുരിതങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്തായാലും നിലവിലെ സർക്കാരിന്റെ പരാജയം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

















































