ന്യൂഡൽഹി: എസ് എൻ ഡി പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബി ഡി ജെ എസ് അധ്യക്ഷനും എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി. മഹേശനെതിരെ വെള്ളാപ്പള്ളി നടേശൻ മുമ്പ് ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ച തുഷാർ, “കള്ളനെ കള്ളൻ എന്നല്ലാതെ എന്ത് വിളിക്കണം” എന്നായിരുന്നു പ്രതികരണം.
മഹേശനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്നും സത്യം പറയുന്നതെങ്ങനെയാണ് തെറ്റാവുന്നതെന്നും തുഷാർ പ്രതികരിച്ചു. അതേസമയം, കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ രൂക്ഷവിമർശനവും അദ്ദേഹം ഉന്നയിച്ചു. സുധീരന്റേത് പ്രതികാര രാഷ്ട്രീയമാണെന്നും, മുൻപ് ആലപ്പുഴയിൽ നിന്ന് അദ്ദേഹത്തെ തോൽപ്പിച്ച വിരോധമാണ് ഇപ്പോഴത്തെ വിമർശനങ്ങൾക്ക് പിന്നിലെന്നും തുഷാർ ആരോപിച്ചു.
മാൻഹോളിൽ വീണ് മരിച്ചവർക്ക് നൽകിയ ധനസഹായത്തിൽ തുല്യനീതി വേണമെന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെയും തുഷാർ പിന്തുണച്ചു. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം സർക്കാർ സഹായം നൽകിയതിനെ ചോദ്യം ചെയ്തതിനാലാണ് വെള്ളാപ്പള്ളിയെ ജാതിവാദിയായി ചിത്രീകരിക്കാൻ ശ്രമമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ശിവഗിരി മഠാധിപതിയുടെ പ്രസ്താവനകളെയും തുഷാർ തള്ളി. ശിവഗിരി മഠവും എസ് എൻ ഡി പി യോഗവും രണ്ടും രണ്ടാണെന്നും, മഠാധിപതിക്ക് സംഘടനയുടെ നിലപാടുകൾ പറയാൻ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയിൽ തെറ്റായ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു.
















































