വാഷിങ്ടൺ: ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തെ തന്ത്രപ്രധാനമായ കപ്പൽ-അന്തർവാഹിനി പരിപാലന കേന്ദ്രം അമേരിക്കൻ സൈന്യം കടൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. ആളില്ലാതെ കടൽപ്പരപ്പിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് ഇടിച്ചുതകരുന്ന ‘കോർസെയർ’ വിഭാഗത്തിലെ മൂന്ന് ‘വൺ-വേ അറ്റാക്ക്’ ഡ്രോണുകളാണ് ആക്രമണത്തിനായി വിനിയോഗിച്ചത്. ഇത്തരം കടൽ ഡ്രോണുകൾ അമേരിക്ക യുദ്ധത്തിൽ ആദ്യമായാണ് ഉപയോഗിക്കുന്നത്.
ആക്രമണത്തിൽ ബന്ദർ അബ്ബാസ് തുറമുഖത്തെ നാവികസേനയുടെ പരിപാലന സൗകര്യങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായതായും യു.എസ്. സൈന്യം അവകാശപ്പെട്ടു. പേർഷ്യൻ ഉൾക്കടലിലെ ഇറാന്റെ പ്രധാന നാവിക ആസ്ഥാനങ്ങളിലൊന്നാണ് ബന്ദർ അബ്ബാസ്.
ആക്രമണത്തെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവയ്ക്കുകയുണ്ടായി.
‘ഇന്നലെ, ഒന്നിലധികം വൺ-വേ അറ്റാക്ക് കടൽ ഡ്രോണുകൾ ഉപയോഗിച്ച് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാനിലെ ഒരു അന്തർവാഹിനി-കപ്പൽ പരിപാലന കേന്ദ്രത്തെ വിജയകരമായി ആക്രമിച്ചു. ബന്ദർ അബ്ബാസ് നാവിക താവളത്തിലെ തുറമുഖത്തെയാണ് മൂന്ന് കോർസെയർ ആളില്ലാ കടൽവാഹനങ്ങൾ (Unmanned Surface Vessels) ലക്ഷ്യമിട്ടത്. അമേരിക്കൻ സൈന്യം യുദ്ധസാഹചര്യത്തിൽ കടൽ ഡ്രോണുകൾ ആദ്യമായി പ്രയോഗിക്കുന്ന സംഭവമായും ഇത് മാറി. കഴിഞ്ഞ രാത്രിയിലെ ഈ ആക്രമണം, വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ തുടരാനുള്ള ഇറാന്റെ ശേഷിയെ ഗണ്യമായി ദുർബലമാക്കി’യതായി സെൻട്രൽ കമാൻഡ് അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇനി മുതൽ അമേരിക്കയെ ‘ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകൻ’ എന്നറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവിന്റെ ഭാഗമായി ഹോർമുസ് വഴി കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ നിന്ന് 20 ശതമാനം തുക ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ നടത്തിയ അവകാശവാദവും ട്രംപ് തള്ളി. “ഹോർമുസ് തുറന്നിരിക്കുകയാണ്; അത് ഇനിയും തുറന്നിരിക്കും, ഇറാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഖത്തർ, ബഹ്റൈൻ, ജോർദാൻ, ഒമാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിൽ ഇതുവരെ 14 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ സൈനിക നടപടി.
Yesterday, using multiple one-way attack surface drones, CENTCOM forces successfully struck a submarine and ship maintenance facility in Iran. Three Corsair unmanned surface vessels hit the port at Bandar Abbas Naval Base, marking the first time American forces have employed sea… pic.twitter.com/bOM2kmgRxz
— U.S. Central Command (@CENTCOM) July 13, 2026


















































